കോഴിക്കോട്
ജന്മദേശമായ കൂടല്ലൂരിനെ കേന്ദ്രപ്രമേയമാക്കി ഒരു നോവൽ–- മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ യാത്രയായപ്പോൾ ബാക്കിയായത് ആ സ്വപ്‌നം. എഴുത്തിന്റെ പണിപ്പുര മനസ്സിൽ ഒരുങ്ങവെയാണ് രോഗബാധിതനായത്. മരണം ആ സർഗജീവിതം കവർന്നപ്പോൾ മലയാളിക്ക് നഷ്‌ടമായത് ഗ്രാമസൗകുമാര്യവും പുതുകാലവും സംഘർഷ സൗന്ദര്യങ്ങളും ഇഴചേരുന്ന സൃഷ്‌ടി.
കൂടല്ലൂർ കേന്ദ്രമായി നോവൽ മനസ്സിലുണ്ടെന്ന് കഴിഞ്ഞവർഷം തൊണ്ണൂറാം ജന്മദിനവേളയിൽ എം ടി ‘ദേശാഭിമാനിയോട്’ വെളിപ്പെടുത്തിയിരുന്നു. അത് പൂർത്തിയാക്കാൻ കാലവും സമയവും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സൂചിപ്പിച്ചു. തുടക്കം എം ടി എഴുതിത്തുടങ്ങിയിരുന്നതായി സഹോദരപുത്രനും സന്തതസഹചാരിയുമായിരുന്ന ടി സതീശൻ പറഞ്ഞു. അച്യുതൻ നായർ എന്ന കൃഷിക്കാരനാണ് പ്രധാന കഥാപാത്രം. അച്യുതൻ നായർ കാട് വളച്ചുകെട്ടി, അധ്വാനിച്ച് വീടുണ്ടാക്കി കിണറൊക്കെ കുഴിക്കുന്നതാണ് തുടക്കം. നോവലിന്റെ ചില പേജുകൾ എഴുതി. തൃപ്‌തിവരാതിരുന്നതിനാൽ കീറിക്കളഞ്ഞു–- സതീശൻ പറഞ്ഞു.
കൊട്ടാരം റോഡിലെ ശോകമൂകമായ ‘സിതാര’ വീട്ടിലേക്ക് എഴുത്തിനെ സ്‌നേഹിച്ചവർ വെള്ളിയാഴ്ചയും വന്നുകൊണ്ടിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്, എം ടി ഇരിക്കുമായിരുന്ന ചാരുകസേരയും എഴുത്തുമേശയും നോക്കി, വിങ്ങുന്ന മനസുമായി അവർ മടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..