28 December Saturday

‘എന്റെ ഗ്രാമം കൂടല്ലൂർ, നഗരം കോഴിക്കോടും. രണ്ടും സ്വാധീനിച്ച ദേശങ്ങൾ ; കോഴിക്കോടിന്റെ സ്വന്തം

പ്രത്യേക ലേഖകൻUpdated: Saturday Dec 28, 2024


കോഴിക്കോട്‌
‘എന്റെ ഗ്രാമം കൂടല്ലൂർ, നഗരം കോഴിക്കോടും. രണ്ടും സ്വാധീനിച്ച ദേശങ്ങൾ‐ എഴുത്തിലും ജീവിതത്തിലും'. ഒരു സംഭാഷണത്തിൽ എം ടി വാസുദേവൻ നായർ പറയുകയുണ്ടായി. ആ ജീവിതം വിടർന്നത്‌ കൂടല്ലൂരാണെങ്കിലും മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എം ടിയാകുന്നതും വളരുന്നതും കോഴിക്കോട്‌ നഗരത്തിലായിരുന്നു. തന്റെ ജീവിതം അടയാളപ്പെടുത്തിയ നഗരമെന്ന്‌ എം ടി രേഖപ്പെടുത്തിയ കോഴിക്കോട്‌ ഇപ്പോൾ അനാഥമാണ്‌.

1957ലാണ്‌ കൂടല്ലൂരിൽനിന്ന്‌ എം ടി കോഴിക്കോട്ടെത്തുന്നത്‌.  മാതൃഭൂമിയിൽ സബ്എഡിറ്ററായി. അന്നുതുടങ്ങിയ ജൈവബന്ധം.1968ൽ കൊട്ടാരംറോഡിൽ സിതാര പണിതു. എഴുത്തുകാരും കലാകാരന്മാരും സൗഹൃദങ്ങളും സംവാദങ്ങളുമായി കോഴിക്കോടിന്റെ സാംസ്കാരിക സുരഭിലത കളിയാടിയ പോയകാലത്തിന് എം ടി സാക്ഷി. ബഷീറും ഉറൂബും പട്ടത്തുവിളയും തിക്കോടിയനും എൻ വിയും എൻ പിയുമെല്ലാമായി കൂടിപ്പടർന്ന സൗഖ്യജീവിതം. കോഴിക്കോടിന്റെ സാംസ്കാരിക ജീവിതം സമൃദ്ധിയിൽ ഉല്ലസിച്ച കാലത്തിന്റെ സാന്നിധ്യമാണ്‌ കഴിഞ്ഞദിവസം യാത്രയായത്‌. സംവാദങ്ങളും സർഗാത്മകതയും സമ്പന്നമാക്കിയ മാനാഞ്ചിറയും മിഠായിത്തെരുവും ആകാശവാണിയും ബീച്ചും പകർന്ന അനുഭവം അവിസ്മരണീയം.

അരവിന്ദനും കടമ്മനിട്ടയും മങ്കട രവിവർമയുമെല്ലാം പല രാവുകളിലും എം ടിക്കൊപ്പം അതിഥികൾ. പ്രശസ്തമായ ആറാൾ സംഘമുണ്ടായിരുന്നു അന്ന്‌. വാക്കിലും ചിരിയിലും പിശുക്കി എം ടി, പിന്നെ എം വി ദേവൻ, എൻ പി, പട്ടത്തുവിള, വി കെ എൻ, തിക്കോടിയൻ എന്നിവർ സഹചാരികൾ. എം ടിക്ക് കോഴിക്കോട്ട് ഹൃദയബന്ധമുണ്ടായ എഴുത്തുകാരിലൊരാൾ എസ് കെ പൊറ്റെക്കാട്ടായിരുന്നു. പൊറ്റെക്കാട്ടിന്റെ ചന്ദ്രകാന്തത്തിലെ പതിവുകാരായിരുന്നു അക്കാലത്ത് എം ടിയും ബഷീറും. ബഷീറിന്റെ നൂലൻവിളി ഹൃദ്യമായി അതേ നർമത്തിൽ എം ടി സ്വീകരിച്ചു. ക്രൗൺ തിയറ്ററിൽനിന്ന് രാത്രി സിനിമ കാണുകയായിരുന്നു മറ്റൊരു വിനോദം. നാടകാചാര്യൻ കെ ടി മുഹമ്മദായിരുന്നു കോഴിക്കോടൻ ജീവിതത്തിൽ എം ടിക്ക് ആദരവാർന്ന ബന്ധമുണ്ടായ മറ്റൊരാൾ. രണ്ടാമൂഴവും വരാണസിയുമടക്കം സർഗാത്മകതയുടെ പ്രഭചൊരിഞ്ഞ രചനകൾ ജനിച്ചതും കോഴിക്കോട്ട്. കൊട്ടാരംറോഡിലെ വീട് ‘സിതാര' കൂടാതെ എം ടിയുടെ എഴുത്തുപുരയായത് ലിങ്ക്റോഡിലെ അൽഅമീൻ ഓഫീസ്. പിന്നീട്‌ മിനി ബൈപാസിൽ  പാസ്പോർട്ട് ഓഫീസിന് സമീപത്തെ ഫ്ലാറ്റായി എം ടിയുടെ സൗഹൃദസങ്കേതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top