കിടങ്ങൂർ
മുൻ മുഖ്യമന്ത്രി പി കെ വി ഇടതുരാഷ്‌ട്രീയത്തിലെ മഹാമേരുവായിരുന്നെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെ ജനം നെഞ്ചേറ്റുമ്പോഴാണ് ഒരാൾ നേതാവാകുന്നത്. ആ നിരയിൽ പ്രമുഖനാണ് പി കെ വിയെന്നും അദ്ദേഹം പറഞ്ഞു. കിടങ്ങൂർ പി കെ വി സെന്റർ ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കൾച്ചറൽ അഫയേഴ്‌സ് ഏർപ്പെടുത്തിയ 15ാമത് പി കെ വി സ്‌മാരക പുരസ്‌കാരം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് പലയിടത്തും വലതുപക്ഷ ചേരി ശക്തിപ്രാപിക്കുന്ന അപകടകരമായ സാഹചര്യമാണുള്ളത്. പലസ്‌തീനിൽ ഒരാളെങ്കിലും ജീവനോടെയിരിപ്പുണ്ടെങ്കിൽ യുദ്ധം നിർത്തില്ലെന്ന് ഇസ്രായേൽ പറയുന്ന നിലയിലേക്ക് സാഹചര്യമെത്തി. വർഗീയത തിരുകിക്കയറ്റി ഭരണഘടനയെ തകർക്കാൻ നോക്കിയ എൻഡിഎയ്‌ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കടിഞ്ഞാണിട്ടു.
തോൽക്കുമ്പോൾ ഇനിയങ്ങോട്ട് തോൽവിയാണെന്നോ ജയിക്കുമ്പോൾ ഇനിയങ്ങോട്ട് ജയമാണെന്നോ കമ്യൂണിസ്‌റ്റുകാർ ധരിക്കണ്ട. തിരുത്തൽ വരുത്തി മുന്നോട്ടുപോകാൻ ഇടതുപക്ഷത്തിന് കഴിയുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ചടങ്ങിൽ പി കെ വി സെന്റർ പ്രസിഡന്റ് ജി വിശ്വനാഥൻനായർ അധ്യക്ഷനായി. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി കെ ശശിധരൻ, ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..