തളിപ്പറമ്പ്
മദ്രസാബോർഡുകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമീഷന്റെ നിർദേശം മതധ്രുവീകരണത്തിനുള്ള പ്രത്യേക അജൻഡയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മതപഠനത്തിന് ഭരണഘടന അവകാശം നൽകുന്നുണ്ട്. ഭരണഘടനാവിരുദ്ധവും മതനിരപേക്ഷ ഉള്ളടക്കത്തിന് യോജിക്കാത്തതുമായ നിർദേശം കേന്ദ്രസർക്കാരിന്റെ തെറ്റായ പ്രവണതകളുടെ തുടർച്ചയാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മതപഠന സ്ഥാപനങ്ങളിൽ സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. അവർക്ക് കെട്ടിടത്തിനും മറ്റും സർക്കാർ ഗ്രാന്റ് നൽകുന്നുണ്ട്.
ബാലാവകാശ കമീഷന്റെ നിർദേശം കേരളത്തെ ബാധിക്കില്ല. പൊതുവിദ്യാഭ്യാസ സംവിധാനം ശക്തമായ കേരളത്തിൽ മദ്രസ പഠനത്തിന് സർക്കാർ പ്രത്യേക ഗ്രാന്റ് നൽകുന്നില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
ആരിഫ് മൊഹമ്മദ് ഖാൻ കെയർടേക്കർ തന്നെ
കേരളത്തിൽ കെയർടേക്കർ ഗവർണറാണെന്നു പറഞ്ഞത് ഭരണഘടനാപരമായി ശരിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരള ഗവർണറുടെ കാലാവധി കഴിഞ്ഞതാണ്. നിലവിലുള്ളയാൾക്ക് തുടരാമെന്ന് ഔദ്യോഗികമായി പറഞ്ഞിട്ടില്ല. പിൻഗാമി വരുംവരെ പഴയ ഗവർണർ സാധാരണ തുടരാറുണ്ട്. അങ്ങനെ തുടരുന്നതിനെ കെയർടേക്കർ എന്നുതന്നെയാണ് പറയുന്നത്. അത് തുറന്നുപറഞ്ഞത് ആരിഫ് മൊഹമ്മദ് ഖാന് നന്നായി പൊള്ളിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടിക്കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള വിഷയമാണ്. അതിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ വലിച്ചിടുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അത് രാഷ്ട്രീയമായി നേരിടാനാണ് നേരത്തേ പാർടിയെടുത്ത നിലപാട്. അതിൽ മാറ്റമില്ല. സിപിഐ എമ്മുമായി ധാരണയുണ്ടാക്കി കേസ് ബിജെപി ഒത്തുതീർത്തുവെന്ന് മുമ്പ് മാധ്യമങ്ങൾ പറഞ്ഞു. ഇപ്പോൾ, കേസ് മുഖ്യമന്ത്രിക്കുനേരെയെന്നും വാർത്ത നൽകുന്നു. ഒത്തുതീർപ്പെന്ന് നേരത്തേ വാർത്ത നൽകിയവർ അത് തെറ്റായിരുന്നെന്ന് പറയണ്ടേ. മനസാക്ഷിക്കുത്തില്ലാതെ അസംബന്ധം എഴുന്നള്ളിക്കുന്നതിന് മറുപടി പറയേണ്ടതില്ല.
വയനാട് ദുരന്തത്തിൽ ഹൈക്കോടതിപോലും കേന്ദ്രസർക്കാരിനോട് സഹായംചെയ്യൂവെന്ന് ആവശ്യപ്പെട്ടു. സഹായനിഷേധം തുടർന്നാൽ ജനങ്ങളെ അണിനിരത്തി സമരത്തിനിറങ്ങേണ്ടിവരും. ഉപതെരഞ്ഞെടുപ്പുകൾ സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകില്ല. ജയിക്കാൻതന്നെയാണ് എൽഡിഎഫ് മത്സരിക്കുന്നത്. പ്രഖ്യാപനം വന്നാലുടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..