19 October Saturday

യുഡിഎഫ്‌ ഡീലിനെതിരായ വിധിയെഴുത്താകും ഉപതെരഞ്ഞെടുപ്പുകളിലുണ്ടാവുക : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

തിരുവനന്തപുരം
ബിജെപിയെ ജയിപ്പിക്കാനുള്ള യുഡിഎഫിന്റെ ഡീലിനും എൻഡിഎയ്‌ക്കും എതിരായ വിധിയെഴുത്താകും ഉപതെരഞ്ഞെടുപ്പുകളിലുണ്ടാവുകയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചേലക്കര, പാലക്കാട്‌ മണ്ഡലങ്ങളിലെ എൽഡിഎഫ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്‌ എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായതുതന്നെ ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമായാണെന്ന്‌ അവരുടെ കൂടെയുണ്ടായിരുന്നവരാണ്‌ പരസ്യമായി പറഞ്ഞത്‌. ഇത്‌ ഞങ്ങൾ അന്നുതന്നെ പറഞ്ഞതാണ്‌.

ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലമാണ്‌ പാലക്കാട്‌ നിയമസഭാ മണ്ഡലം. വടകര ലോക്‌സഭ മണ്ഡലത്തിലെ എംപിയായിരുന്ന കെ മുരളീധരനെ അവിടന്ന്‌ തൃശൂരിലേക്ക്‌ മാറ്റിയാണ്‌ പാലക്കാട്ടെ എംഎൽഎയെ സ്ഥാനാർഥിയാക്കിയത്‌. കേരളത്തിൽനിന്ന്‌ ബിജെപിക്ക്‌ ആദ്യമായി ഒരു എംപിയെ സംഭാവനചെയ്യാൻ അതിലൂടെ യുഡിഎഫിന്‌ സാധിച്ചു. നിയമസഭയിൽ ആദ്യമായി ബിജെപിക്ക്‌ ഒരു അംഗത്തെ ഉണ്ടാക്കിക്കൊടുത്തതും കോൺഗ്രസാണ്‌. അത്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പൂട്ടിച്ചു. ദേശീയതലത്തിൽ ബിജെപിയാണ്‌ ഇടതുപക്ഷത്തിന്റെ മുഖ്യ എതിരാളി. എന്നാൽ ബിജെപിയെ ജയിപ്പിക്കാൻ നിൽക്കുന്ന കോൺഗ്രസിനെയും കേരളത്തിൽ തോൽപിക്കണം.

അതിവിപുലമായ ജനസഞ്ചയത്തെ ഉൾക്കൊള്ളാൻ ഇടതുപക്ഷത്തിന്‌ സാധിക്കും. ഇടതുപക്ഷത്തെ നല്ലതുപോലെ വിമർശിച്ചവരിൽ പലരുമായും പിന്നീട്‌ യോജിച്ച്‌ മത്സരിച്ചിട്ടുണ്ട്‌. എ കെ ആന്റണിയും കരുണാകരനും ഉമ്മൻചാണ്ടിയുമായും ചേർന്നു മത്സരിച്ചിട്ടുണ്ട്‌. നിരവധി സ്വതന്ത്രരെ തെരഞ്ഞെടുപ്പിൽ പിന്തുണയ്‌ക്കുകയും ജയിപ്പിക്കുകയും മന്ത്രിമാരാക്കിയിട്ടുമുണ്ട്‌. 
      രാഷ്‌ട്രീയമായ മുന്നണിയാണ്‌ എൽഡിഎഫ്‌. അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ വിലയിരുത്തിയാണ്‌ നിലപാട്‌ സ്വീകരിക്കുക. കോൺഗ്രസ്‌വിട്ടയാളെ സ്ഥാനാർഥിയാക്കി എന്ന കോൺഗ്രസ്‌ നേതാക്കളുടെ വിമർശനത്തിൽ കാര്യമില്ല. എന്തുകൊണ്ട്‌ സരിന്‌ പുറത്തുപോകേണ്ടിവന്നെന്ന്‌ അവർ പറയട്ടെ. കെപിസിസി സെക്രട്ടറിയായിരുന്നയാൾ സ്വതന്ത്രനായി മത്സരിക്കുന്നു. യുഡിഎഫിൽ പാളയത്തിൽ പടയാണ്‌. വിവിധ സർവകലാശാലകളിലെ കോളേജ്‌ യൂണിയൻ തെരഞ്ഞൈടുപ്പിലെ എസ്‌എഫ്‌ഐ വിജയം യുവത്വം എങ്ങനെ ചിന്തിക്കുന്നു എന്നതിന്‌ തെളിവാണ്‌. കണ്ണഞ്ചിപ്പിക്കുന്ന വിജയമാണ്‌ എസ്‌എഫ്‌ഐക്കുണ്ടായത്‌–- എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top