22 December Sunday

സരിന്റെ സ്ഥാനാർഥിത്വം പരീക്ഷണമല്ല : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


ആലപ്പുഴ
കമ്യൂണിസ്റ്റ്‌ പാർട്ടിക്കെതിരെ വിമർശം ഉന്നയിച്ച ആരെയും അവഗണിച്ചിട്ടില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പാലക്കാട്‌ ഡോ. സരിന്റെ സ്ഥാനാർഥിത്വം പരീക്ഷണമല്ലെന്നും ഇടതുപക്ഷത്തിന്റെ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്ന അടിസ്ഥാന സമീപനംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 78-ാമത്‌ പുന്നപ്ര–- വയലാർ വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര ദിനത്തിൽ സമരഭൂമിയിൽ ചേർന്ന പൊതുസമ്മേളനത്തിലും മാരാരിക്കുളം ലോക്കൽ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടന യോഗത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്‌ സിപിഐ എമ്മെന്നും ഏത്‌ നിയമ നടപടിക്കും പൂർണ പിന്തുണ നൽകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സരിൻ എൽഡിഎഫ്‌ സ്ഥാനാർഥിയായതോടെ പാലക്കാട്‌ മണ്ഡലമാകെ മാറി. ഇപ്പോൾ അവിടെ ഇടതുപക്ഷം മൂന്നാംസ്ഥാനത്തല്ല. ബിജെപിയെയും കോൺഗ്രസിനെയും തോൽപ്പിക്കണമെന്ന ശക്തമായ വികാരമാണ്‌ ജനങ്ങളിൽ.

വിമർശം നിലനിർത്തിക്കൊണ്ടുതന്നെയാണ്‌ സ്വതന്ത്രരെ എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്‌. ജോസഫ്‌ മുണ്ടശേരിയും വി ആർ കൃഷ്‌ണയ്യരും അടക്കമുള്ള സ്വതന്ത്രരുമായി സഹകരിച്ചാണ്‌ 57ൽ ആദ്യ കമ്യൂണിസ്റ്റ്‌ സർക്കാർ രൂപീകരിച്ചത്‌. കമ്യൂണിസ്റ്റുപാർടിയെ കണക്കറ്റ്‌ വിമർശിച്ച കെ കരുണാകരനുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്‌. എ കെ ആന്റണി, ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവരോടും കൂട്ടുചേർന്നിട്ടുണ്ട്‌. രാഷ്‌ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചാണ്‌ നിലപാട്‌ സ്വീകരിക്കുന്നത്‌.

വയനാട്ടിൽ നെഹൃു കുടുംബമാകെവന്നു എന്നതരത്തിലാണ്‌ മാധ്യമ പ്രചാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ കൊടി വേണ്ടന്നുവച്ചവർ ഇപ്പോൾ അതേ കൊടിയുമായി എത്താൻ പറയുന്നു. ബദൽ നയവുമായി പ്രവർത്തിക്കുന്ന സർക്കാരാണ്‌ കേരളത്തിലേത്. കോൺഗ്രസും ബിജെപിയും കോർപറേറ്റുകളുടെ ചെലവിലാണ്‌ പ്രവർത്തിക്കുന്നത്‌. ഇതിൽനിന്ന്‌ വിഭിന്നമാണ്‌ ഇടതുപക്ഷം. അതാണ്‌ മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധതയ്‌ക്ക്‌ അടിസ്ഥാനം. കമ്യൂണിസ്റ്റു വിരുദ്ധ മാധ്യമശൃംഖല കേരളത്തിൽ ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top