21 November Thursday
കാസ പോലെയുള്ള സംഘടനകൾ രംഗത്തുവരുന്നത്‌ 
വർഗീയ ധ്രുവീകരണത്തിന്

മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണ് സർക്കാർ , കുടിയൊഴിപ്പിക്കുകയെന്ന നയം സിപിഐ എമ്മിനില്ല : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024


കൽപ്പറ്റ
എറണാകുളം ജില്ലയിലെ മുനമ്പത്ത്‌ താമസിക്കുന്ന ജനങ്ങൾക്കൊപ്പമാണ്‌ സിപിഐ എമ്മും എൽഡിഎഫ്‌ സർക്കാരുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ എവിടെയായാലും കുടിയൊഴിപ്പിക്കുന്നതിന്‌ പാർടി എതിരാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.  

16ന്‌ മുനമ്പം വിഷയം സംബന്ധിച്ച്‌ മന്ത്രിമാരും കക്ഷികളും പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ട്‌. അതോടെ പ്രശ്‌നത്തിന്‌ പരിഹാരമാകും. അന്യാധീനപ്പെട്ട വഖഫ്‌ ഭൂമി തിരിച്ചുപിടിക്കണമെന്ന നാസർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത്‌ പലയിടത്തും  വഖഫ്‌ ബോർഡ്‌ നടപടി  സ്വീകരിക്കുന്നുണ്ട്‌. അതിന്റെ ഭാഗമായാണ്‌ മുനമ്പത്ത്‌ താമസിക്കുന്നവർക്കും നോട്ടീസ്‌ അയച്ചത്‌. വർഷങ്ങളായി താമസിക്കുന്നവരിൽനിന്ന്‌ നികുതി വാങ്ങുന്നില്ലെന്ന സ്ഥിതി വന്നതാണ്‌ ഉൽകണ്ഠയുണ്ടാക്കിയത്‌. നികുതി വാങ്ങാൻ സർക്കാർ നിർദേശം നൽകിയതോടെ  പ്രശ്‌നത്തിന്‌ പകുതി പരിഹാരമായി. 

ആരെയെങ്കിലും കുടിയൊഴിപ്പിക്കുക എന്ന നയമല്ല സിപിഐ എമ്മിനും സർക്കാരിനുമുള്ളത്‌. സിപിഐ എമ്മും കർഷക പ്രസ്ഥാനങ്ങളും നടത്തിയ സമരങ്ങളുടെ ഭാഗമായാണ്‌ കേരളത്തിൽ 36 ലക്ഷംപേർക്ക്‌ ഭൂമി ലഭിച്ചത്‌. കാസ പോലെയുള്ള സംഘടനകൾ  ഭൂമിയുടെ പേരും പറഞ്ഞ്‌ രംഗത്തുവരുന്നത്‌ വർഗീയ ധ്രുവീകരണത്തിനായാണ്‌. ആർഎസ്‌എസിന്‌ ആളെ കൂട്ടാനാണിത്‌.

ഒരുഭാഗത്ത്‌ ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും മറുഭാഗത്ത്‌ ക്രിസ്‌തീയ വിഭാഗത്തിന്റെ പേരുപറഞ്ഞ്‌ കാസ എന്നപേരിൽ ചിലരും കള്ളപ്രചാരവേല നടത്തുന്നു. ചെറിയ കാര്യംകിട്ടിയാൽ പർവതീകരിച്ച്‌ സർക്കാർ വിരുദ്ധതയും വിഭാഗീയതയും സംഘർഷവുമുണ്ടാക്കാൻ ചിലർ നടത്തുന്ന ശ്രമത്തെ മതനിരപേക്ഷ ചിന്താഗതിയുള്ളവർ ഒരുമിച്ച്‌ നേരിടണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top