തിരുവനന്തപുരം > കോൺഗ്രസിന്റേത് വർഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജമാ അത്തെ ഇസ്ലാമിക്ക് എതിരെ പാർടി വിമർശനം ഉന്നയിച്ചാൽ അത് മുസ്ലിങ്ങൾക്ക് എതിരെയുള്ള വിമർശനമാണെന്നും ആർഎസ്എസിനെ വിമർശിച്ചാൽ അത് ഹിന്ദുക്കൾക്ക് എതിരായ വിമർശനമാണ് എന്ന് പറയുന്ന സമീപനമാണുള്ളത്. ഇതുപോലെ തന്നെ ന്യൂന പക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും സിപിഐ എമ്മിനെതിരായും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരായും ശക്തമായി വരികയാണ്. ഇതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.
മുസ്ലിം സമുദായത്തിലെ വളരെ ചെറിയ ഒരു ന്യൂനപക്ഷമാണ് വർഗീയ വാദികളായ ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും. മുസ്ലിം സമുദായത്തിലെ മഹാ ഭൂരിപക്ഷവും സെക്കുലർ സമുദായത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്. വർഗീയ സംഘടനയായ ആർഎസ്എസിനെ പോലെ ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും നിലകൊള്ളുകയാണ്. ഈ ജമാ അത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും സഖ്യകക്ഷിയാണ് ഇപ്പോൾ കോൺഗ്രസ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടും ഒരു സഖ്യകക്ഷിയെപ്പോലെയാണ് പ്രവർത്തിച്ചത്. കോൺഗ്രസ് ഒരു സഖ്യകക്ഷിയെപ്പോലെ ജമാ അത്തെ ഇസ്ലമിയെയും എസ്ഡിപിഐയേയും ചേർത്ത് നിർത്തുകയാണ്. ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതമാണ് ഇതുണ്ടാക്കുക. കോൺഗ്രസിലും ലീഗിലും പ്രശ്നങ്ങളുണ്ടായേക്കും.
വർഗീയതയ്ക്കെതിരെ നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നാണ് അവർ പറയുന്നത്. പക്ഷേ ഇസ്ലാമിക രാഷ്ട്രം വേണം എന്ന വാദം ഉന്നയിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി ചേർന്ന് സഖ്യകക്ഷിയായി പ്രവർത്തിക്കുകയാണ്. ന്യൂനപക്ഷ വർഗീയ വാദത്തെയും ഭൂരിപക്ഷ വർഗീയ വാദത്തെയും ഇടതുപക്ഷം ശക്തിയായി തന്നെ എതിർക്കും. ഇതിനെതിരായ ശക്തമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ടു മാത്രമേ ഇടത്- പുരോഗമന പ്രസ്ഥാനങ്ങൾക്ക് മുന്നോട്ട് പോകാനാകൂ. വർഗീയ വാദികളുടെ കൂടി വോട്ട് നേടിയാണ് കോൺഗ്രസ് ജയിച്ചത്. ഒരു വർഗീയതയോടും സിപിഐ എം സന്ധി ചെയ്യില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..