03 December Tuesday
ഗവർണർ ശ്രമിച്ചത് സമാന്തര ഭരണത്തിന്

ഭീഷണി വേണ്ട ; ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ കെയർടേക്കർ 
ഗവർണർപദവിമാത്രം , ഭരണഘടനാവിരുദ്ധമായ പ്രവർത്തനങ്ങളെ
പ്രതിരോധിക്കും

സ്വന്തം ലേഖകൻUpdated: Saturday Oct 12, 2024


തിരുവനന്തപുരം
കെയർടേക്കർ ഗവർണറുടെ ഭയപ്പെടുത്തൽ കേരളത്തിനെതിരെ വേണ്ടെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിലും വലിയ ഭയപ്പെടുത്തലുകൾ  മുമ്പും കണ്ടതാണെന്നും അതിനെയെല്ലാം കേരളം അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സെപ്‌തംബർ അഞ്ചിന്‌  അവസാനിച്ച ഗവർണറുടെ കാലാവധി  ഇതുവരെ   പുതുക്കിയിട്ടില്ല. പിൻഗാമി വരുംവരെ തുടരാമെന്ന ഭരണഘടനയുടെ 156(3) വകുപ്പ്‌ പ്രകാരമാണ്‌ ഇപ്പോൾ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഗവർണർ സ്ഥാനത്തിരിക്കുന്നത്‌. കെയർടേക്കർ ഗവർണർ പദവി മാത്രമുള്ള ആരിഫ്‌ മൊഹമ്മദ്‌ ഖാൻ തെറ്റായ നടപടികൾ സ്വീകരിക്കുകയാണ്‌. മുഖ്യമന്ത്രിയിൽ വിശ്വാസമില്ലെന്ന്‌ ഗവർണർ പ്രഖ്യാപിക്കുന്നത്‌ ഭരണഘടനാ വിരുദ്ധമാണ്‌.

മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്‌ പ്രവർത്തിക്കേണ്ട ഗവർണർ സർക്കാരറിയാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സമാന്തര ഭരണം നടത്താനാണ്‌ ശ്രമിച്ചത്‌. സ്വർണക്കടത്ത്‌ തടയേണ്ടത്‌ കേന്ദ്രത്തിന്റെ ഉത്തരവാദിത്വം ആണെന്നിരിക്കെയാണ്‌ ഗവർണർ സംസ്ഥാനത്തോട്‌ വിവരം തേടിയത്‌. സംസ്ഥാന സർക്കാരിന്‌ കീഴിലുള്ള ഉദ്യോഗസ്ഥരെ വിളിച്ച്‌ അന്വേഷണം നടത്തുന്ന രീതി ജനാധിപത്യ അവകാശങ്ങളെ കാറ്റിൽപ്പറത്തുന്നതാണ്‌. ഭരണഘടനാ വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളെ പ്രതിരോധിക്കും. 

പ്രതിപക്ഷ സർക്കാരുകളെ ഗവർണർമാരെയുപയോഗിച്ച്‌ തകർക്കാനുള്ള പദ്ധതിയാണ്‌ കേന്ദ്രം ആവിഷ്‌കരിക്കുന്നത്‌. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ എൽഡിഎഫ്‌ സർക്കാർ ശ്രമിക്കുമ്പോൾ അതിനെ അട്ടിമറിക്കാനാണ്‌ ഗവർണറും യുഡിഎഫും ശ്രമിക്കുന്നത്‌. ഇതിനെയെല്ലാം മറികടന്ന്‌ കേരളത്തിലെ സർവകലാശാലകൾ വലിയ കുതിപ്പ്‌ നടത്തിയപ്പോൾ ഇടങ്കോലിടാനാണ്‌ ഗവർണർ രംഗത്തെത്തിയിരിക്കുന്നത്‌–- എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top