തിരുവനന്തപുരം> കമ്പനികൾ തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പാർട്ടിയെന്ന രീതിയിൽ മറുപടി പറയേണ്ടതിന്റെ കാര്യമെന്തെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുഖ്യമന്ത്രിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിനാണ് പരിശ്രമിക്കുന്നത്. ഇതിനെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിഎംആർ.എൽ എക്‌സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട മാധ്യമ പ്രചാരണങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തിൽ ആദ്യം തന്നെ നിലപാട് വ്യക്തമാക്കിയതാണ്. കമ്പനികൾ തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പാർട്ടിയെന്ന രീതിയിൽ മറുപടി പറയേണ്ടതില്ല. ഞങ്ങളിതിലിടപ്പെട്ടത് ഒരേ ഒരു കാര്യത്തിനാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ അന്നും ഇന്നും നാളെയും ഫലപ്രദമായി പ്രതിരോധിക്കും.- എംവി ഗോവിന്ദൻ പറഞ്ഞു.
എസ്എഫ്‌ഐഒ കേസ് മാർക്സിസ്റ്റുകാരും ബിജെപിക്കാരും കൂടി ഒതുക്കിയെന്നാണ് മാധ്യമങ്ങളെല്ലാം പ്രചരിപ്പിച്ചുകൊണ്ടിരുന്നത് . അതേ പ്രചാരണം നടത്തിയവർ ഇന്ന് ഇത് തുടങ്ങിയതിന്റെ വാർത്തകൾ വീണ്ടും കൊടുക്കുന്നു. കേസ് തീരുന്നില്ല, കേസ് മുഖ്യമന്ത്രിയിലേക്കെത്തുന്നുവെന്നാണ് വീണ്ടും പറയുന്നത്- അദ്ദേഹം ചൂണ്ടികാട്ടി.
കഴിഞ്ഞ ബുധനാഴ്ച വീണ എസ്.എഫ്.ഐ.ഒയ്ക്ക് മുമ്പിൽ മൊഴിനൽകിയതാണ് മാധ്യമങ്ങൾ ഞായറാഴ്ച വർത്തയാക്കിയത്. എട്ടുമാസമാണ് അന്വേഷണം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ നൽകിയത്. ആ സമയപരിധിയിൽ തന്നെയാണ് കേസ്.
കേസിൽ തനിക്ക് ബന്ധമില്ലെന്നായിരുന്നു വീണയുടെ മൊഴി. താൻ ഐടി പ്രൊഫഷണൽ മാത്രമാണെന്നും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഈ വർഷമാണ് കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. എസ്.എഫ്.ഐ.ഒയ്ക്കായിരുന്നു അന്വേഷണച്ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..