ഏറ്റുമുട്ടൽ
വി ഡി സതീശൻ
ജില്ലയിലെത്തിയ
ദിവസം
കണ്ണൂർ
എം കെ രാഘവൻ എംപി ചെയർമാനായ പയ്യന്നൂർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള മാടായി കോളേജിലെ നിയമനത്തർക്കം തെരുവിലേക്ക്. പയ്യന്നൂരിലും പഴയങ്ങാടിയിലും കോൺഗ്രസുകാർ ഏറ്റുമുട്ടി. പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ജയരാജിനെ കൈയേറ്റം ചെയ്‌തു. തടയാൻ ശ്രമിച്ച കെഎസ്‌യു സംസ്ഥാന നിർവാഹക സമിതിയംഗം ആകാശ് ഭാസ്‌കറിനും മർദനമേറ്റു. പഴയങ്ങാടിയിൽ എം കെ രാഘവന് അനുകൂലമായി പ്രകടനം നടത്താനിറങ്ങിയവരെ എതിർവിഭാഗം തടയാൻ ശ്രമിച്ചതും സംഘർഷത്തിലെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജില്ലയിലെത്തിയ ദിവസമാണ് തെരുവിൽത്തല്ല്.
പയ്യന്നൂരിൽ ഖാദി ലേബർ യൂണിയൻ (ഐഎൻടിയുസി) സംഘടിപ്പിച്ച കെ പി കുഞ്ഞിക്കണ്ണൻ അനുസ്‌മരണ പരിപാടിയിലായിരുന്നു രാമന്തളി മുൻ മണ്ഡലം പ്രസിഡന്റ് കെ പി രാജേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഒരുസംഘം കോൺഗ്രസ് പ്രവർത്തകർ കെ ജയരാജിനെ കെെയേറ്റം ചെയ്തത്. വേദിയിലുണ്ടായിരുന്ന കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സംഘർഷത്തിൽ ഇടപെട്ടില്ല.
പഴയങ്ങാടിയിൽ എം കെ രാഘവൻ എംപിക്കായി പ്രകടനം നടത്താനെത്തിയവരെയാണ് കെ സുധാകരൻ അനുകൂലികൾ തടഞ്ഞത്. ഇരുവിഭാഗവും തമ്മിൽ ഏറെനേരം വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. മുതിർന്ന നേതാക്കളെത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. പ്രശ്‌നം അന്വേഷിക്കാൻ കെപിസിസി അച്ചടക്കസമിതി കൺവീനർ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു. 13ന് കണ്ണൂർ ഡിസിസിയിൽ തെളിവെടുപ്പ് നടത്തും.
കോലം കത്തിച്ചവരുമായി
സതീശന്റെ കൂടിക്കാഴ്‌ച
എം കെ രാഘവൻ എംപിയുടെ കോലം കത്തിച്ചവരുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കണ്ണൂർ ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്‌ച നടത്തി. മാടായിയിലേത് പ്രാദേശിക പ്രശ്നമാണെന്നായിരുന്നു സതീശന്റെ പ്രതികരണം. അതേസമയം നടപടിയെടുത്തവരുമായുള്ള സതീശന്റെ കൂടിക്കാഴ്‌ച അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് രാഘവൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..