14 December Saturday

മാടായി കോളേജ്‌ നിയമനത്തർക്കം ; പരിഹരിക്കാൻ കഴിയാതെ കെപിസിസി സമിതി

സ്വന്തം ലേഖകൻUpdated: Saturday Dec 14, 2024



കണ്ണൂർ
എം കെ രാഘവൻ എംപി ചെയർമാനായ പയ്യന്നൂർ എഡ്യുക്കേഷണൽ സൊസൈറ്റിക്ക്‌ കീഴിലുള്ള മാടായി കോളേജിലെ നിയമനത്തർക്കത്തിൽ പരിഹാരം കാണാനാകാതെ കെപിസിസി സമിതി. അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ  നേതൃത്വത്തിലുള്ള മൂന്നംഗസമിതിയാണ് പ്രശ്നപരിഹാരത്തിനായി ഇരുവിഭാഗവുമായി സംസാരിച്ചത്.- നിയമനക്കാര്യത്തിൽ പിന്നോട്ടില്ലെന്ന് എം കെ രാഘവൻ നേരത്തേ നിലപാടെടുത്തതിനാൽ പരസ്യഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന് നിർദേശിക്കാനേ സമിതിക്ക് കഴിഞ്ഞുള്ളൂ. നടപടി പിൻവലിക്കണമെന്നാവശ്യം കെപിസിസി നേതൃത്വത്തെ അറിയിക്കാമെന്ന്‌ പറഞ്ഞ്‌ സമിതിയംഗങ്ങൾ മടങ്ങി.

നിയമന ഇന്റർവ്യൂ ദിവസം എം കെ രാഘവനെ കോളേജിൽ ഒരുവിഭാഗം തടഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രകടനം നടത്തിയ കോലംകത്തിക്കലുമുണ്ടായി. നിയമനത്തിൽ പ്രതിഷേധമുയർന്നതോടെ അഞ്ചു ഡയറക്ടർമാരെ കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. കോലംകത്തിച്ചവർക്കെതിരെയും നടപടിയുണ്ടായി. തൊട്ടടുത്തദിവസം തമ്മിൽത്തല്ല് തെരുവിലായി. പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിനെ കൈയേറ്റം ചെയ്‌തു. തടയാൻ ശ്രമിച്ച കെഎസ്‌യു സംസ്ഥാന നേതാവിനും മർദനമേറ്റു.

പഴയങ്ങാടിയിൽ എം കെ രാഘവനെ അനുകൂലിക്കുന്നവർ പ്രകടനം നടത്തുന്നത് തടയാൻ എതിർവിഭാഗം എത്തിയതോടെ കൈയേറ്റത്തിലേക്ക് കടന്നത്‌. സുധാകരന്റെയും ഡിസിസി നേതൃത്വത്തിന്റെയും മൗനാനുവാദത്തോടെയായിരുന്നു രാഘവനെതിരായ പരസ്യപ്രതിഷേധം. തമ്മിൽത്തല്ല് രൂക്ഷമായതോടെയാണ് കെപിസിസി സമിതിയെ കണ്ണൂരിലേക്ക് അയച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top