13 November Wednesday

"മാധ്യമം' കേരള താലിബാന്റെ പത്രമോ?; ആവേശപുളകിതരായി ജമാഅത്തെ ഇസ്ലാമി

പി വി ജീജോUpdated: Wednesday Sep 1, 2021

കോഴിക്കോട്‌ > അഫ്‌ഗാനിസ്ഥാനിലെ താലിബാൻ വിജയത്തിൽ ആവേശവും ആഹ്ലാദവും പരസ്യമാക്കി ജമാഅത്തെ ഇസ്ലാമി. താലിബാൻ ഭീകരർ അഫ്‌ഗാൻ കീഴടക്കിയതിനെ സ്വതന്ത്ര അഫ്‌ഗാൻ എന്നു വിശേഷിപ്പിച്ച്‌ മുഖപത്രമായ മാധ്യമത്തിലൂടെയാണ്‌ ജമാഅത്തെ ഇസ്ലാമിയുടെ ആഘോഷപ്രകടനം.

താലിബാന്റെ അധിനിവേശം സ്വാതന്ത്ര്യമായി വിശേഷിപ്പിച്ചതിലൂടെ ഇസ്ലാമിക ഭീകരവാദികളുടെ ഭരണത്തിലൂടെയാണ്‌ മോചനമെന്ന മതരാഷ്‌ട്ര സങ്കൽപ്പം ജമാഅത്തെയും പ്രഖ്യാപിച്ചതായാണ്‌ വിലയിരുത്തൽ. അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്‌ഗാൻ എന്ന വാർത്തയിലൊരിടത്തും താലിബാനെ ഭീകരരെന്ന്‌ പരാമർശിച്ചില്ലെന്നതും ശ്രദ്ധേയമാണ്‌.

പൂമ്പാറ്റകളെപ്പോലെ പാറിനടക്കേണ്ട കുട്ടികളടക്കം താലിബാൻ ആധിപത്യത്തോടെ പലായനം ചെയ്യുന്ന ദയനീയ കാഴ്‌ചകളാണ്‌ അഫ്‌ഗാനിലേത്‌. കുറഞ്ഞ നാളുകൾക്കകം ഏറെ കവികളും കലാകാരന്മാരും മാധ്യമപ്രവർത്തകരുമാണ്‌ കൊല്ലപ്പെട്ടത്‌. ഇതൊക്കെ മറച്ചുവച്ചാണ്‌ അഫ്‌ഗാൻ ജനതക്ക്‌  സ്വാതന്ത്ര്യം ലഭിച്ചു എന്ന്‌ തോന്നിപ്പിക്കും വിധമുള്ള ജമാഅത്തെ രംഗപ്രവേശം.

ജമാഅത്തെ പത്രം നേരത്തെയും താലിബാൻ വിജയത്തെ വിസ്‌മയമെന്നു വാഴ്‌ത്തിയിട്ടുണ്ട്‌. താലിബാൻ ഭീകരർ അഫ്‌ഗാൻ പ്രസിഡന്റ് നജീബുള്ളയെ കൊന്ന് വിളക്കുകാലിൽ കെട്ടിത്തൂക്കിയപ്പോൾ  ജമാഅത്തെ പത്രം ആവേശഭരിതമായി ‘‘വിസ്‌മയം പോലെ താലിബാൻ’’ എന്ന ശീർഷകത്തിൽ 1996 സെപ്തംബർ 28ന്‌ വാർത്ത നൽകി. വിമർശനമുയർന്നപ്പോൾ താലിബാൻ ഭീകരത അന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്ന്‌ മാധ്യമം പത്രാധിപ സമിതിയിലെ ജമാഅത്തുകാരനായ പ്രധാനി പിന്നീട്‌  പ്രതികരിക്കുകയുണ്ടായി.

എന്നാൽ താലിബാൻ മുന്നേറ്റത്തിൽ മതിമറന്നുള്ള മാധ്യമത്തിന്റെ ഇപ്പോഴത്തെ പ്രതികരണം 25 വർഷത്തിനിപ്പുറവും മതഭീകരരോടുള്ള ജമാഅത്തെയുടെ  മാറാത്ത ഐക്യ സൂചനയായാണ്‌ വിലയിരുത്തപ്പെടുന്നത്‌.

സമൂഹമാധ്യമങ്ങളിലെ ചില പ്രതികരണങ്ങൾ:

എന്തിനാണ് ഈ തലക്കെട്ടിനെ വിമർശിക്കുന്നതെന്ന് എനിക്കിപ്പഴും പിടി കിട്ടീട്ടില്ല… !
സത്യമല്ലേ ഇത് ?! താടി വടിക്കുന്നവരുടെ മുഖത്ത് ആണിയടിക്കാനും
തമാശ പറയുന്നവന്റെ തല വെട്ടാനും പാട്ടുകാരന്റെ വീട്ടിൽ പോയി ചായകുടിച്ചിട്ട് പിറ്റേന്ന് പോയി വെടിവച്ച് കൊല്ലാനും  പള്ളിക്കൂടത്തിൽ പോകുന്ന പെൺപിള്ളേരുടെ തലയോട്ടി തകർക്കാനും
മുറ്റത്തിറങ്ങിയ കുറ്റത്തിന് ചാട്ടയടിക്കാനും പ്രേമിച്ചാൽ കല്ലെറിഞ്ഞ് കൊല്ലാനും …
ഒക്കെയൊക്കെ … താലിബാന് അഫ്ഗാനിൽ സ്വാതന്ത്ര്യം കിട്ടിയ വാർത്തയ്ക്ക് പിന്നെന്ത് പൂക്കാച്ചൊളയാണ് തലക്കെട്ടിടണ്ടത്?! എനിക്ക് മനസ്സിലാകുന്നില്ല ഗായ്‌സ്..  -  ടി എം ഹർഷൻ.

മലയാളത്തിലിറങ്ങുന്ന താലിബാന്റെ പത്രം. മറ്റെന്താണ് പറയുക ? പ്രശ്‌നം മതമാണ്. മതം മാത്രം. താലിബാനെ സൃക്ഷ്ടിച്ചതും താലിബാനിസത്തെ പ്രോത്സാഹിപ്പിക്കുന്നതും അതിനെ പ്രകീർത്തിക്കുന്നതും മതത്തിന്റെ ഭ്രാന്തമായ പ്രേരണയാൽ മാത്രമാണ്. മതഭ്രാന്തിൽ നിന്നുള്ള സ്വാതന്ത്യമാണ് ഭൂമിയിലെ ഓരോ മനുഷ്യർക്കും വേണ്ടത് എന്നാണ് ഞാൻ കരുതുന്നത്.

ഇത് അഫ്ഘാനിസ്ഥാനിലോ , ഇസ്ലാമിലോ ഒതുങ്ങുന്ന ഒരു പ്രഹേളികയല്ല. എല്ലാതരം മതാധികാരത്തേയും നിലക്കു നിർത്തണം. മതത്തെ അധികാര രാഷ്ട്രീയത്തിന്റെ പുറത്തു നിർത്താൻ കഴിഞ്ഞാൽ മാത്രമേ യഥാർത്ഥ ജനാധിപത്യത്തിന് നില നിൽക്കാനും വികസിക്കാനും കഴിയൂ. മതപക്ഷം ചേരുന്ന മാധ്യമങ്ങളെ പൂർണ്ണമായും അകറ്റു നിർത്തുകയും വേണം. അവയെ തിരിച്ചറിയുക എന്നതും ഒരു രാഷ്ടീയ ബോധ്യപ്പെടലാണ്. കേരളത്തിൽ അതിപ്പോഴും നടന്നിട്ടില്ല.

അതുകൊണ്ടാണ് ഒരു മലയാള പത്രത്തിന് ഇങ്ങനെയൊരു തലക്കെട്ട് കൊടുക്കാനുള്ള ധൈര്യം വന്നത്. മതഭീകരതയ്ക്കുള്ള സ്വാതന്ത്യം ആഘോഷിച്ച ഒരു പത്രം കേളത്തിലുണ്ട് എന്നത്  തികച്ചും അപലപനിയമാണ്. അതിന്റെ പിറകിലെ രാഷ്ട്രീയം അതെന്തായാലും, കേരളം ഒറ്റക്കെട്ടായി എതിർക്കേണ്ടതുണ്ട് - എൻ ഇ സുധീർ

സ്‌റ്റാൻലി ജോണിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം:

1996ല്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിനെ വിസ്മയം പോലെ താലിബാന്‍ എന്നാണു മാധ്യമം വിളിച്ചത്. ആ ഒന്നാം പേജ് ഈയുള്ളവനുള്‍പ്പെടെ പലരും അടുത്തകാലത്ത് ഷെയര്‍ ചെയ്തിരുന്നു. എനിക്ക് മാധ്യമത്തിന്റെ ഒരാളില്‍ നിന്നും പരസ്യമായ മറുപടിയും വന്നിരുന്നു. എന്റെ നല്ലവരായ പല സുഹൃത്തുക്കളും സ്നേഹത്തോടെ അന്ന് പറഞ്ഞത്, ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പത്തെ തലക്കെട്ടല്ലേ, അന്ന് താലിബാന്‍ ഏതുപോലത്തെ സംഘമാണെന്ന് ഇന്നത്തേ പോലെ എല്ലാവര്‍ക്കും അറിയില്ലല്ലോ, അതുകൊണ്ട് പറ്റിയ ഒരു അബദ്ധമായിക്കൂടെ എന്നാണു. അബദ്ധമാവാം.

പക്ഷേ, റെട്ടോറിക്കും ആരോപണങ്ങളുമെല്ലാം തിങ്ങിനിറഞ്ഞിരുന്ന എനിക്കുള്ള മാധ്യമം വക മറുപടിയില്‍ ഒരിടത്തു പോലും അദ്ദേഹം വിസ്മയം തലക്കെട്ടിനെ തള്ളപ്പറഞ്ഞിരുന്നില്ല എന്നതു ശ്രദ്ധേയമായിരുന്നു. ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പത്തെ ഒരു കൈയബദ്ധമായിരുന്നുവെങ്കില്‍ ഇന്ന് അത് തെറ്റായിരുന്നു എന്നു പറയുന്നതില്‍ കുഴപ്പമൊന്നും ഉണ്ടാകേണ്ടതില്ലല്ലോ. അങ്ങിനെയൊരു തെറ്റുപറച്ചില്‍ എവിടെയും കണ്ടിട്ടില്ല.
ഇത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറല്ല.

താലിബാന്‍ എന്താണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയും. 1996-2001ല്‍ താലിബാന്‍ അധികാരത്തിലിരുന്ന സമയത്ത് സ്ത്രീകള്‍ക്ക് തൊഴിലെടുക്കാന്‍ അവകാശമുണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ അവകാശമുണ്ടായിരുന്നില്ല. ഒരു 'ആണ്‍തുണ' ഇല്ലാതെ സ്ത്രീകള്‍ക്ക് വീടു വിട്ടു പുറത്തിറങ്ങാന്‍ പറ്റുമായിരുന്നില്ല. ഷരിയത്തിന്റെ പേരില്‍ കടുത്ത പീഡനങ്ങളാണു ശിക്ഷാവിധികളായി നടപ്പാക്കിയിരുന്നത്. കാബൂള്‍ ഫൂട്ബോള്‍ സ്റ്റേഡിയം പബ്കിക് എക്സിക്യൂഷന്‍ ഗ്രൗണ്ടായിരുന്നു. സംഗീതം നിഷിദ്ധം. റ്റെലെവിഷന്‍ നിഷിദ്ധം. സിനിമാശാലകള്‍ നിഷിദ്ധം. പട്ടംപറത്തല്‍ പോലും നിഷിദ്ധം. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ ഇസ്ലാമിക വിരുദ്ധം. ആയിരക്കണക്കിനു പാവങ്ങളെ കൊന്നൊടുക്കിയ അല്‍ ഖയ്ദയും ഒസാമാ ബിന്‍ ലാദനും പ്രിയപ്പെട്ട അതിഥികള്‍. ഇതായിരുന്നു തൊണ്ണൂറുകളിലെ താലിബാന്‍ ഭരണം. ഇതിലെന്തെങ്കിലും തെറ്റാണെന്ന് താലിബാന്‍ ഇന്നുവരെ സമ്മതിച്ചിട്ടില്ല എന്നാണു എന്റെയറിവ്.

ഭരണം നഷ്ടപ്പെട്ടതിനു ശേഷവും താലിബാന്റെ അക്രമങ്ങള്‍ക്ക് ഒരു അറുതിയുമുണ്ടായിരുന്നില്ല. നൂറുകണക്കിനു സൂയിസൈഡ് ആക്രമണങ്ങളാണു അഫ്ഘാനിസ്ഥാനില്‍ താലിബാന്റെ വക കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടായത്. യുഎന്‍ ഡെസിഗ്നേറ്റഡ് ഭീകര സംഘടനയായ ഹഖാനി നെറ്റ്‌വര്‍ക്കിന്റെ കൂടെയാണു താലിബാന്‍ അമേരിക്കക്കും അഫ്ഘാനികള്‍ക്കുമെതിരെ യുദ്ധം ചെയ്തത്. പാകിസ്ഥാന്റെ ഐഎസ്ഐയുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള സംഘമാണു ഹഖാനീസ്. അഫ്ഘാന്‍ താലിബാനെ തന്നെ സംരക്ഷിച്ചതും, അഭയമേകിയതും ഒരു പരിധി വരെ നിയന്ത്രിച്ചതും പാകിസ്ഥാന്‍ ആയിരുന്നു.

ആ താലിബാനാണു ഇന്ന് കാബൂളില്‍ ഭരണം പിടിച്ചിരിക്കുന്നത്. ആ താലിബാന്‍ ഭരിക്കുന്ന അഫ്ഘാനിസ്ഥാനെയാണു മാധ്യമം 'സ്വതന്ത്ര അഫ്ഘാന്‍' എന്നു വിളിക്കുന്നത്. അതായത് വിസ്മയം തലക്കെട്ടിനെ വിമര്‍ശിച്ചവരോടും, അതൊരു അറിവില്ലായ്മയില്‍ നിന്നുള്ള തെറ്റായിരിക്കാം എന്ന് സന്ദേഹിച്ചവരോടും അങ്ങിനെയല്ല, ഇതു ഞങ്ങളുടെ നിലപാടാണു എന്നാണു പത്രം പറയുന്നത്. എന്തൊക്കെ പറഞ്ഞാലും ആ സത്യസന്ധതയെ അവഗണിക്കാന്‍ പാടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top