14 November Thursday

ബ്ലോക്ക്‌, മണ്ഡലം ഭാരവാഹി പ്രഖ്യാപനം ; മഹിളാ കോൺഗ്രസിൽ കലാപം

പ്രത്യേക ലേഖകൻUpdated: Wednesday Sep 6, 2023



കൊച്ചി
മണ്ഡലം, ബ്ലോക്ക്‌ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ്‌ ജെബി മേത്തർ ഏകപക്ഷീയമായി നാമനിർദേശം ചെയ്‌തതിൽ മഹിളാ കോൺഗ്രസിൽ കടുത്ത പ്രതിഷേധം. മുതിർന്ന നേതാക്കൾ പുതുപ്പള്ളി തെരഞ്ഞെടുപ്പുപ്രചാരണ തിരക്കിലായിരിക്കെ ഗ്രൂപ്പ്‌ നേതാക്കളോടോ മുതിർന്ന മഹിളാ കോൺഗ്രസ്‌ നേതാക്കളോടോ ആലോചിക്കാതെ വി ഡി സതീശന്റെ താൽപ്പര്യപ്രകാരം ഭാരവാഹികളെ നിശ്ചയിച്ചതാണ്‌ എതിർപ്പിന്‌ കാരണം.

ജെബി മേത്തർ സംസ്ഥാന പ്രസിഡന്റായശേഷം എ, ഐ ഗ്രൂപ്പുകളുടെ മുതിർന്ന മഹിളാനേതാക്കളെ സംഘടനാപരിപാടികളിൽപ്പോലും പങ്കെടുപ്പിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്‌. അതിനിടെയാണ്‌ ഭാരവാഹികളെ തീരുമാനിച്ചതിലെ അവഗണന. ജില്ലാ പ്രസിഡന്റുമാരെ ഏകപക്ഷീയമായി തീരുമാനിച്ചതിനെതിരെ തിരുവനന്തപുരം ഉൾപ്പെടെ പല ജില്ലകളിലും  പരസ്യപ്രതിഷേധമുണ്ടായി. പലരും സംഘടന വിട്ടു. അതാണ്‌ പുതുപ്പള്ളി തെരഞ്ഞെടുപ്പുതിരക്കിനിടയിൽ പരസ്യപ്രതിഷേധമുണ്ടാകില്ലെന്ന കണക്കുകൂട്ടലിൽ ആഗസ്‌ത്‌ 30ന്‌ ബ്ലോക്ക്‌, മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചതെന്നാണ്‌ എ, ഐ ഗ്രൂപ്പ്‌ നേതാക്കളുടെ ആരോപണം.
രമേശ്‌ ചെന്നിത്തല, കെ സി ജോസഫ്‌ എന്നീ ഗ്രൂപ്പ്‌ നേതാക്കളോടോ പത്മജ വേണുഗോപാൽ, ഷാനിമോൾ ഉസ്‌മാൻ, സിമി റോസ്‌ബെൽ ജോൺ എന്നീ മുതിർന്ന മഹിളാ കോൺഗ്രസ്‌ നേതാക്കളോടോ ആശയവിനിമയം നടത്താതെ ജെബി മേത്തർ ഏകപക്ഷീയമായി എടുത്ത തീരുമാനം മരവിപ്പിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ പരസ്യപ്രതിഷേധത്തിലേക്കു നീങ്ങാനാണ്‌ മഹിളാ കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top