കണ്ണൂർ
തലശേരി മലബാർ ക്യാൻസർ സെന്റർ- പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിൽ രക്തത്തിലേക്ക് മരുന്നുകളുടെ സഞ്ചാരനിരക്ക് ക്രമീകരിക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനം സജ്ജമായി. കെ- ഡിസ്‌കുമായി സഹകരിച്ചാണ് ഡ്രിപ്പോ സംവിധാനം ഉപയോഗപ്പെടുത്തി വയർലസ് ഇൻഫ്യൂഷൻ മോണിറ്ററിങ് പദ്ധതി നടപ്പാക്കിയത്.
ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം കെ -ഡിസ്‌കിന്റെ ഇന്നോവേഷൻ ഫോർ ഗവൺമെന്റ് സംരംഭത്തിലൂടെയാണ് നടപ്പാക്കുന്നത്. 26ന് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പദ്ധതികൾ ഉദ്ഘാടനംചെയ്യുന്നതിനൊപ്പം ഈ പുതിയ സംവിധാനം എംസിസിക്ക് കൈമാറും.
കേരളത്തിലെ സ്റ്റാർട്ടപ്പ് പദ്ധതിയിലൂടെ വികസിപ്പിച്ച പോർട്ടബിൾ കണക്ടഡ് ഇൻഫ്യൂഷൻ മോണിറ്ററാണ് ഡ്രിപ്പോ സംവിധാനം. ഡ്രിപ്പുവഴി മരുന്നു നൽകുമ്പോൾ കൃത്യ അളവിൽ രക്തത്തിലെത്തും. അർബുദംപോലെയുള്ള രോഗങ്ങൾക്ക് മരുന്നുതുള്ളികളുടെ അളവ് വളരെ പ്രധാനമാണ്. മരുന്നുകളുടെ സഞ്ചാരനിരക്ക് നിരീക്ഷിക്കുമ്പോൾ ഈ സംവിധാനം തത്സമയവിവരങ്ങൾ നഴ്സിങ് സ്റ്റേഷനുകളിലെ സെൻട്രൽ സോഫ്റ്റ് വെയറിലേക്ക് കൈമാറും.
അതുവഴി മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാരത്തിന്റെ നിരക്ക് മാറ്റങ്ങൾക്കും ഇൻഫ്യൂഷൻ പൂർത്തീകരണങ്ങൾക്കുമുള്ള മുന്നറിയിപ്പുകൾ നൽകും. മരുന്നുകളുടെ സഞ്ചാരനിരക്ക് കൃത്യമായി സജ്ജീകരിക്കാനും അനായാസം നിരീക്ഷിക്കാനും നഴ്‌സിങ് ജീവനക്കാരെ ഡ്രിപ്പോ സഹായിക്കും. ഇതിന്റെ സോഫ്റ്റ്‌വെയർ മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാരത്തിന്റെ സമഗ്രരൂപരേഖയും രോഗിയുടെ ആരോഗ്യചരിത്രവും പ്രദർശിപ്പിക്കും.പദ്ധതിയുടെ ഭാഗമായി എംസിസി വാർഡുകളിൽ ഡ്രിപ്പോയുടെ 20 യൂണിറ്റുകളും അനുബന്ധ ഉപകരണങ്ങളും സോഫ്റ്റ് വെയറും സ്ഥാപിച്ചു. വിദഗ്ധ ഡോക്ടർ കാര്യക്ഷമത വിലയിരുത്തി.
65 ശതമാനംവരെ മരുന്നുകളുടെ സഞ്ചാര പിശകുകൾ കുറച്ച് രോഗിക്ക് മികച്ച ചികിത്സാഫലം ഉറപ്പാക്കുമെന്നും നഴ്സുമാരുടെ ജോലിഭാരം കുറയ്‌ക്കുമെന്നും പഠനത്തിൽ തെളിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..