24 November Sunday

വികസനക്കുതിപ്പിൽ മലബാർ കാൻസർ സെന്റർ: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020

തിരുവനന്തപുരം > കണ്ണൂർ തലശേരി മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് & റിസർച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ 14-ാം തീയതി രാവിലെ 11.30ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിക്കും. എ.എൻ. ഷംസീർ എംഎൽഎ., കെ മുരളീധരൻ എംപി എന്നിവർ മുഖ്യാതിഥികളായിരിക്കും.

11.39 കോടി രൂപയുടെ പീഡിയാട്രിക് ഹെമറ്റോളജി & ഓങ്കോളജി ബ്ലോക്ക്, 9 കോടിയുടെ ന്യൂക്ലിയർ മെഡിസിൻ & റേഡിയോളജി എക്സ്റ്റൻഷൻ ബ്ലോക്ക്, 9.5 കോടിയുടെ ക്ലിനിക്കൽ ലാബ് സർവീസസ് & ട്രാൻസ്ലേഷണൽ റിസർച്ച് ബ്ലോക്ക് , 9.5കോടിയുടെ ഇന്റർവെൻഷനൽ റേഡിയോളോജി വിഭാഗം, 95 ലക്ഷത്തിന്റെ കാന്റീൻ വിപുലീകരണം, 6 കോടിയുടെ 64 സ്ലൈസ് ഫ്ളൂറോ സിടി സ്‌കാൻ, 4 കോടിയുടെ സ്പെക്റ്റ് സി.ടി. സ്‌കാനർ തുടങ്ങിയ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 81.69 കോടിയുടെ റേഡിയോതെറാപ്പി ബ്ലോക്കിന്റെ വിപുലീകരണം, ഒ.പി ബ്ലോക്ക് നവീകരണം, 32 കോടിയുടെ സ്റ്റുഡൻസ് ഹോസ്റ്റൽ എന്നീ പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കും.

ആർ.സി.സി.യെ മാത്രം ആശ്രയിച്ചിരുന്ന മലബാർ മേഖലയിലെ കാൻസർ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന കേന്ദ്രമായി മലബാർ കാൻസർ സെന്ററിനെ മാറ്റാൻ കഴിഞ്ഞതായി മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. 2008ൽ 1040 ഓളം പുതിയ രോഗികൾ എം. സി.സിയെ ആശ്രയിച്ചിരുന്നുവെങ്കിൽ 2019ൽ പുതിയ രോഗികളുടെ എണ്ണം 6500 ഓളമായി. തുടർചികിത്സക്കായി എത്തിയവരുടെ എണ്ണം 77477 ആയി വർദ്ധിക്കുകയും, 4600 പേരെ കിടത്തി ചികിത്സിക്കും വിധേയമായിട്ടുണ്ട്. കോവിഡ് കാലമായിട്ടു പോലും 2020ൽ പ്രതിമാസം 6000ത്തിലധികം രോഗികൾ ഇവിടെ എത്തുന്നുണ്ട്. കുട്ടികളിലെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ചെയ്യുന്ന ഏക സ്ഥാപനമാണ് മലബാർ കാൻസർ സെന്ററെന്നും മന്ത്രി വ്യക്തമാക്കി.

2000ത്തിൽ ഇന്നത്തെ മുഖ്യമന്ത്രി വൈദ്യുതി മന്ത്രിയായിരിക്കെ അദ്ദേത്തിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഇ.കെ. നായനാർ വൈദ്യുതി വകുപ്പിന് കീഴിൽ ആരംഭിച്ച ഈ സ്ഥാപനം പിന്നീട് 2008ൽ ആരോഗ്യ വകുപ്പിന് കൈമാറി. ഈ സർക്കാരിന്റെ കാലത്ത് വലിയ വികസന പ്രവർത്തനങ്ങളാണ് മലബാർ കാൻസർ സെന്ററിൽ നടന്നത്.

പൂർത്തീകരിച്ച പദ്ധതികൾ


പീഡിയാട്രിക് ഹെമറ്റോളജി & ഓങ്കോളജി ബ്ലോക്ക്

കുട്ടികളിൽ കണ്ടുവരുന്ന കാൻസർ ചികിൽസിച്ചാൽ പരിപൂർണമായി ഭേദമാകുന്നവയാണ്. കുട്ടികളുടെ കാൻസർ ചികിത്സ വളരെ അധികം കാഠിന്യമേറിയതും ദൈർഘ്യമേറിയതുമാണ്. കുട്ടികളുടെ ചികിത്സക്കൊപ്പം മാതാപിതാക്കളും മാനസിക സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. കൂടാതെ ചികിത്സ കാലങ്ങളിൽ സ്വന്തം വീടിന്റെ അന്തരീക്ഷത്തിൽ നിന്നും ദീർഘകാലം മാറി നിൽക്കേണ്ടി വരുന്നു എന്നുള്ളതും കുട്ടികളെയും മുതിർന്നവരെയും മാനസികമായും ശാരീരികമായും തളർത്തുന്നതാണ്. ഈ വസ്തുതകൾ ഉൾക്കൊണ്ടാണ് പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് രൂപകല്പന ചെയ്യിതിരിക്കുന്നത്. കുട്ടികളെ സംബന്ധിച്ചെടുത്തോളം രണ്ടാമത്തെ വീട് എന്ന സങ്കല്പത്തിലാണ് ഇത് വിഭാവനം ചെയ്യിതിരിക്കുന്നത്.

കുട്ടികളുടെ അർബുദ ചികിത്സക്കായി മാത്രം പ്രത്യേകം സജ്ജീകരിച്ച ബ്ലോക്കാണിത്. തികച്ചും ശിശു സൗഹൃദമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിട്ടുള്ളത്. കുട്ടികൾക്കായി പ്രത്യേകം കീമോ തെറാപ്പി വാർഡ്, ഓപ്പറേഷൻ തീയേറ്റർ, ഐസിയു എന്നിവയ്ക്കു പുറമെ കുട്ടികൾക്കായുള്ള കളിസ്ഥലം, ഗ്രന്ഥശാല, സിനിമാ തീയേറ്റർ എന്നിവയെല്ലാം ഈ ബ്ലോക്കിൽ സജ്ജമാക്കിയിട്ടുണ്ട്. അമ്മമാർക്കു വേണ്ടിയുള്ള തൊഴിൽ പരിശീലന സംവിധാനം, ചികിത്സക്കൊപ്പം പഠനം തുടർന്ന് പോകാനുള്ള സംവിധാനങ്ങൾ, ആശുപത്രി എന്ന സങ്കൽപ്പത്തിൽ നിന്നും മാറി രസകരവും കൗതുകകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ചുവരുകൾ എന്നിവ ഈ ബ്ലോക്കിന്റെ പ്രത്യേകതകളാണ്.

ന്യൂക്ലിയർ മെഡിസിൻ & റേഡിയോളജി എക്സ്റ്റൻഷൻ ബ്ലോക്ക്

എംസിസിയിൽ കാൻസർ ചികിത്സ വിഭാഗത്തിലെ ഒരു അപര്യാപ്തത ആയിരുന്നു ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിന്റെ അസാന്നിധ്യം. വിവിധ ക്യാൻസറുകളുടെ രോഗ നിർണയത്തിനും ചികിത്സയ്ക്കും റേഡിയോ ഐസോടോപ്പുകൾ ഉപയോഗിച്ചുള്ള ഈ ചികിത്സ സംവിധാനം അത്യന്താപേക്ഷികമാണ്. ഇതിനായി സ്പെക് സിടി, പെറ്റ് സി ടി,ഹോട്ട് ലാബ്, റേഡിയോ ന്യൂക്ലിയസ് തെറാപ്പി സംവിധാനം എന്നിവ സജ്ജമാക്കി. ഈ സൗകര്യങ്ങൾ വരുന്നതോടുകൂടി എംസിസി ഏറ്റവും ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള കാൻസർ ചികിത്സാ കേന്ദ്രമായി ഉയരുന്നു.

ക്ലിനിക്കൽ ലാബ് സർവീസസ് & ട്രാൻസ്ലേഷണൽ റിസർച്ച് ബ്ലോക്ക്

പാത്തോളജി, മൈക്രോ ബയോളജി, മോളിക്യൂലർ ബയോളജി, ജനിറ്റിക് സൈറ്റോ ജനിറ്റിക്സ്, ബയോകെമിസ്ട്രി ട്രാൻഫ്യൂഷൻ മെഡിസിൻ എന്നീ വിഭാഗങ്ങൾ ക്ലിനിക്കൽ ലാബ് സർവീസസ് ട്രാൻസേഷൻ റിസർച്ച് വകുപ്പിന് കീഴിലായാണ് പ്രവർത്തിച്ചു വരുന്നത്. പുതിയ ലാബ് ബ്ളോക്കിൽ പാത്തോളജി മോളിക്യൂലർ ബയോളജി, ജെനറ്റിക്സ്‌കളോടെ പ്രവർത്തിക്കുന്നതാണ്. കൂടാതെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിലേക്കുള്ള എംസിസിയുടെ വളർച്ചക്കനുസൃതമായ ക്ലാസ് മുറികൾ, അധ്യാപക, അനധ്യാപക ജീവനക്കാർക്കുള്ള സൗകര്യങ്ങൾ, സെമിനാർ റൂം സൗകര്യങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഇന്റ്ര്‌വെൻഷനൽ റേഡിയോളോജി വിഭാഗം

അർബുദ രോഗ ചികിത്സയിൽ സുപ്രധാനമായ പങ്ക് വഹിക്കുന്ന ഒരു വിഭാഗമാണ് ഇന്റർവെൻഷനൽ റേഡിയോളജി, കാൻസർ മുഴകളിലേക്ക് മരുന്നുകൾ നേരിട്ട് നൽകി കാൻസർ കോശങ്ങൾ നശിപ്പിക്കാൻ സാധിക്കുന്ന ചികിത്സ സംവിധാനമാണിത്. അത്യധികം രക്ത സംക്രമണമുള്ള മുഴകളിൽ ശസ്ത്രക്രിയാ സമയത്ത് ഉണ്ടായേക്കാവുന്ന അമിത രക്തസ്രാവം കുറയ്ക്കാനും ഈ രീതി സഹായിക്കുന്നു. ഇന്ത്യയിലെ തന്നെ ചുരുക്കം ചില മുൻനിര കാൻസർ ചികിത്സ കേന്ദ്രങ്ങളിൽ മാത്രം ലഭ്യമായിട്ടുള്ള ഈ സജ്ജീകരണങ്ങളുടെ ഉദ്ഘാടനത്തോടെ, മലബാർ ക്യാൻസർ സെന്ററും അത്യാധുനിക ചികിത്സ ലഭ്യമായിട്ടുള്ള മുൻനിര കാൻസർ സെന്ററുകളുടെ ശ്രേണിയിലേക്ക് എത്തുകയാണ്.

കാന്റീൻ വിപുലീകരണം

എംസിസിയിലെ നിലവിലുള്ള കാന്റീൻ തലശ്ശേരി നിയോജകമണ്ഡലം എംൽഎ ആയിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ചിട്ടുള്ളതാണ്. എംസിസിയിലെ മുഴുവൻ രോഗികൾക്കുമായി സൗജന്യ ഭക്ഷണ വിതരണവും ഈ കാന്റീൻ മുഖേനയാണ് നടന്നു വരുന്നത്.

64 സ്ലൈസ് ഫ്ളൂറോ സിടി സ്‌കാൻ

അത്യാധുനിക 64 സ്ലൈസ് ഫ്ളൂറോ സിടി സ്‌കാൻ മുഖേന ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴകളിൽ നിന്നും പരിശോധനക്കായി ബയോപ്സി എടുക്കാനും കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന റേഡിയോ ഫ്രേക്വൻസി അബ്ലേഷൻ, മൈക്രോ വേവ് അബ്ലേഷൻ എന്നിവ നടത്തുവാനും സാധിക്കും. 64 സ്ലൈസ് സി ടി സ്‌കാനർ ആണെങ്കിലും 128 സ്ലൈസ് കൈകാര്യം ചെയ്യാനുള്ള കാര്യക്ഷമത ഈ ഉപകരണത്തിനുണ്ട്. ഇതിലൂടെ ചികിത്സയിൽ കൂടുതൽ വ്യക്തതയും കൃത്യതയും കൊണ്ടുവരാൻ സാധിക്കും.

സ്പെക്റ്റ് സി. ടി സ്‌കാനർ

ഈ മെഷീനിലെ പ്രത്യേക ക്യാമറ അവയവങ്ങൾ, അസ്ഥികൾ, ടിഷ്യു എന്നിവയിലെ റേഡിയോ ട്രേസർ കണ്ടെത്തി ശരിയായ രോഗ നിർണയത്തിന് സഹായിക്കുന്നു. കാൻസർ മുഴകൾ അവയവങ്ങളും മറ്റുഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബോൺസ്‌കാൻ റേഡിയോ അയഡിൻ സ്‌കാൻ എന്നിവ എംസിസിയിൽ ആരംഭിക്കുകയാണ്. ഉത്തര മലബാറിൽ ഈ സൗകര്യമേർപ്പെടുത്തുന്ന ആദ്യത്തെ ആശുപത്രിയാണ് എംസിസി. ഇത്തരം ചികിത്സ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരുന്ന പാവപെട്ട രോഗികൾക്ക് വളരെയധികം ആശ്വാസമായിരിക്കും.

പുതിയ ചുവടു വെപ്പുകൾ

റേഡിയേഷൻ ഓങ്കോളജി ബ്ലോക്കും ഒപി ബ്ളോക് നവീകരണവും

കിഫ്ബി ഒന്നാംഘട്ട വികസനത്തിന്റെ ഭാഗമായി റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോവുകയാണ്. ഈ ബ്ലോക്കിൽ ഒരേ സമയം 40 രോഗികൾക്ക് ഒരേ സമയം കീമോ തെറാപ്പി ചെയ്യാൻ പാകത്തിലുള്ള രണ്ടു കീമോ തെറാപ്പി വാർഡുകളും, ഒരു ലീനിയർ ആസിലറേറ്റർ സ്ഥാപിക്കാനുള്ള സംവിധാനവും, റേഡിയേഷൻ ചികിത്സയ്ക്ക് ആവശ്യമായ സിടി സ്‌കാനർ, എംആർഐ എന്നീ സൗകര്യങ്ങളും ഉണ്ടാവും.

ഇതോടൊപ്പം ഒപി ബ്ലോക്കിന്റെ നവീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒപി വിഭാഗത്തേക്കാൾ വളരെയധികം രോഗീ സൗഹൃദപരമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

സ്റ്റുഡൻസ് ഹോസ്റ്റൽ

വിവിധ കോഴ്സുകൾ നടത്താനായി വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ അത്യന്താപേക്ഷികമാണ്. 300 ഓളം വിദ്യാർത്ഥികൾക്കുള്ള താമസിച്ചു പഠിക്കുവാനുള്ള സംവിധാനം സ്റ്റുഡന്റസ് ഹോസ്റ്റലിൽ ഏർപെടുത്തുന്നുണ്ട്. 4 ഘട്ടങ്ങളിലായാണ് നിർമാണം പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. 8 നിലകളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക താമസ പഠന സൗകര്യങ്ങളും ഭക്ഷണത്തിനായുള്ള മെസ് ഹാളുകളും ഇവിടെ വിഭാവനം ചെയ്യിതിട്ടുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top