തിരുവനന്തപുരം> ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലയാള സിനിമാ വ്യവസായത്തെ നവീകരിക്കാൻ ലക്ഷ്യമിട്ട് ‘സിനിമാ നയം’ ഡിസംബറിൽ സർക്കാരിന് സമർപ്പിക്കും. ഷാജി എൻ കരുൺ ചെയർമാനായ നയരൂപീകരണ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
സമിതി നാലുതവണ യോഗം ചേർന്ന് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. രണ്ടുമാസത്തിനകം നാല് റിപ്പോർട്ടുകൂടി തയ്യാറാക്കും. അഞ്ചാം റിപ്പോർട്ട് നവംബറിൽ കൊച്ചിയിൽ സിനിമാ കോൺക്ലേവിൽ അവതരിപ്പിക്കും.
ഇതിന്മേലുള്ള ചർച്ചയും ഭേദഗതി നിർദേശവും ഉൾപ്പെടുത്തിയാവും അന്തിമ റിപ്പോർട്ട്. നവംബർ അവസാനത്തോടെയോ ഡിസംബർ ആദ്യമോ ഇത് സർക്കാരിന് കൈമാറുമെന്ന് ഷാജി എൻ കരുൺ പറഞ്ഞു. റിപ്പോർട്ട് മന്ത്രിസഭായോഗം അംഗീകരിക്കുന്നതോടെ നയം പ്രാബല്യത്തിൽ വരും. 96 വർഷം പിന്നിട്ട മലയാള സിനിമയുടെ ചരിത്രത്തിൽ നിർണായക ചുവടുവയ്പാകും ഇത്. സിനിമാ വ്യവസായത്തെ പരിപോഷിപ്പിക്കാനും ചൂഷണം തടയാനുമുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ടാകും. കഴിഞ്ഞവർഷമാണ് ഷാജി എൻ കരുൺ അധ്യക്ഷനായ സമിതി രൂപീകരിച്ചത്. ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..