03 December Tuesday
കള്ളത്തരത്തിനും ഒരു മര്യാദവേണ്ടേ

ചേരാത്ത കൗൺസിലിൽ തർക്കവും ബഹളവുമെന്ന്‌ മനോരമ

സ്വന്തം ലേഖികUpdated: Thursday Oct 31, 2024

കോഴിക്കോട്‌> ചേരാത്ത കോർപറേഷൻ കൗൺസിൽ യോഗത്തിന്റെ പേരിൽ മലയാള മനോരമയുടെ വ്യാജവാർത്ത. ബുധനാഴ്‌ചത്തെ പത്രത്തിലാണ്‌ അന്ന്‌ പകൽ മൂന്നിന്‌ നിശ്ചയിച്ച കൗൺസിൽ യോഗത്തെ സംബന്ധിച്ച്‌ ‘വാർത്ത’ മെനഞ്ഞത്‌. ‘വാർഡ്‌ വിഭജനത്തെചൊല്ലി തർക്ക’മെന്ന്‌ തട്ടിവിട്ടു.

തദ്ദേശ തെരഞ്ഞെടുപ്പ്‌ വാർഡ്‌ വിഭജനരേഖയെ ചൊല്ലി യോഗത്തിൽ തർക്കവും ബഹളവുമുണ്ടായെന്ന്‌ പറഞ്ഞ്‌ തുടങ്ങുന്ന ‘വാർത്ത’യിൽ പ്രതിപക്ഷ നേതാക്കളുടെ ‘ആരോപണങ്ങൾ’ അക്കമിട്ട്‌ നിരത്തി.വാർഡ്‌ വിഭജനത്തിന്റെ റിപ്പോർട്ട്‌ ഉദ്യോഗസ്ഥർ രണ്ടുദിവസം മുമ്പ്‌ കലക്ടറേറ്റിൽ സമർപ്പിച്ചെങ്കിലും സാങ്കേതികമായ ഒരു പിശകിനാൽ മടക്കിഅയച്ചിരുന്നു. അത്‌ തിരുത്തി ചൊവ്വാഴ്‌ച തന്നെ തിരിച്ചുനൽകി പ്രശ്‌നം പരിഹരിച്ചതുമാണ്‌.

മാത്രവുമല്ല ബുധനാഴ്‌ച ചേർന്ന യോഗത്തിൽ വാർഡുവിഭജന വിഷയം പ്രതിപക്ഷം ഉന്നയിക്കുക പോലും ചെയ്‌തില്ല. കോർപറേഷൻ ഭരണസമിതിക്കെതിരെ വാർത്ത സൃഷ്ടിക്കാനുള്ള ആവേശത്തിൽ കൗൺസിലിൽ യുഡിഎഫ്‌ നേതാക്കളായ കെ സി ശോഭിത, കെ മൊയ്‌തീൻകോയ എന്നിവർ സംസാരിച്ചെന്നടക്കം എഴുതി. വാർഡ്‌ വിഭജനവുമായി ബന്ധപ്പെട്ട ‘സെക്രട്ടറിയുടെ പ്രതികരണവും’ മനോരമ കൊടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top