26 December Thursday

സിനിമാനയം ; സിനിമമേഖലയിൽ വിലക്കിന്‌ വിലക്ക്‌ വീഴും

സുനീഷ്‌ജോUpdated: Thursday Aug 22, 2024


തിരുവനന്തപുരം
മലയാള സിനിമാനയത്തിന്റെ കരടിന്‌ നവംബറിൽ കൊച്ചിയിൽചേരുന്ന കോൺക്ലേവ്‌ രൂപം നൽകും. ഇതര സംസ്ഥാനങ്ങളിലും രാജ്യത്തിന്‌ പുറത്തുംനിന്ന്‌ കേരളത്തിലേക്ക്‌ നിർമാതാക്കളെ ആകർഷിക്കാനുള്ള പദ്ധതികളും സിനിമാ നയത്തിന്റെ ഭാഗമാകും. നമ്മുടെ സാങ്കേതികപ്രവർത്തകർക്ക്‌ കൂടുതൽ അവസരം നൽകാനുമാകും. അപ്രഖ്യാപിത വിലക്കുകൾ വിലപ്പോവില്ലെന്ന സാഹചര്യമൊരുങ്ങും.

ചലച്ചിത്ര വികസന കോർപറേഷൻ കേരളത്തിലെ സാങ്കേതിക പ്രവർത്തകരുടെ ഡേറ്റ ബാങ്ക്‌ ഉണ്ടാക്കും. ഇതിൽനിന്ന്‌ ആളുകളെ നിർമാതാക്കൾക്ക്‌ സമീപിക്കാം. മിനിമം വേതനം നിശ്‌ചയിക്കും. വിദേശ സിനിമകളുടെ പോസ്‌റ്റ്‌ പ്രൊഡക്‌ഷൻ ജോലികൾകൂടി നിർവഹിക്കാനാകുംവിധം ചിത്രാഞ്‌ജലി സ്‌റ്റുഡിയോയെയും മറ്റ്‌ സ്‌റ്റുഡിയോകളെയും ശക്തിപ്പെടുത്തും.

ഹേമ റിപ്പോർട്ട്‌ കോൺക്ലേവിൽ അവതരിപ്പിക്കുമെന്നാണ്‌ സൂചന. അഭിനേതാക്കൾക്കും സാങ്കേതിക വിദഗ്‌ധർക്കും നൽകേണ്ട വേതനത്തിന്‌ ഘടനയുണ്ടാക്കും. പരാതികളും തർക്കങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി രൂപീകരിക്കുന്ന ട്രൈബ്യൂണലിന്റെ ഘടന സംബന്ധിച്ച്‌ വ്യക്തതയുണ്ടാക്കും. പുരസ്കാരങ്ങൾ കേരളത്തിന്‌ പുറത്തുള്ളവർക്കും നൽകും.

സിനിമ നിർമാണവുമായി ബന്ധപ്പെട്ട്‌ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതികൾ ഫലപ്രദമായി പ്രയോജനപ്പെടുത്തും. സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനുള്ള നോഡൽ ഏജൻസിയായി ചലച്ചിത്ര വികസന കോർപറേഷൻ മാറും. ഇതിനായി ഏകജാലക സംവിധാനം ആരംഭിക്കും. ടൂറിസം വകുപ്പിനെ സിനിമാനിർമാണവുമായി സഹകരിപ്പിക്കും. കാരവാൻ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ ഷൂട്ടിങ്ങിനായി ലഭ്യമാക്കാൻ സഹായിക്കും. പെരുമാറ്റചട്ടമുണ്ടാക്കും. ആഭ്യന്തര പരാതി പരിഹാര സമിതി ശക്തിപ്പെടുത്തും. പരാതിയുണ്ടായാൽ അന്വേഷിച്ച്‌ നടപടിയുണ്ടാകുംവരെ സിനിമയുടെ പ്രവർത്തനം നിർത്തിവയ്‌ക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top