കൊച്ചി
ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുണ്ടായ വിവാദങ്ങളും മറ്റും വരിഞ്ഞുമുറുക്കിയിട്ടും ഈ വർഷം നില മെച്ചപ്പെടുത്തി മലയാളസിനിമ. മുൻവർഷത്തേക്കാൾ എണ്ണം കുറഞ്ഞെങ്കിലും കൂടുതൽ സിനിമകൾ മെഗാ ഹിറ്റ് പട്ടികയിൽ ഇടംനേടി. ആദ്യ പത്ത് സിനിമകളുടെ ആകെ വരുമാനം 1000 കോടി കടന്നു. നാലെണ്ണം എക്കാലത്തെയും വലിയ സാമ്പത്തികനേട്ടമുണ്ടാക്കിയ പത്ത് മലയാളസിനിമകളുടെ പട്ടികയിൽ കയറിക്കൂടി.
ഈവർഷം 199 സിനിമകളാണ് തിയറ്ററിൽ എത്തിയത്. മുൻവർഷത്തേക്കാൾ നാൽപ്പതെണ്ണം കുറവ്. പോയവർഷം ബോക്‌സോഫീസിൽ നേട്ടമുണ്ടാക്കിയത് നാല് സിനിമകളാണ്. ഇക്കുറി ഇരുപതിലേറെ ചിത്രങ്ങൾ വിജയംകൊയ്തു. ഇന്റർനെറ്റ് മൂവി ഡാറ്റാബെയ്‌സ് (ഐഎംഡിബി)പ്രകാരം 11 എണ്ണം 50 കോടിക്കുമുകളിൽ വരുമാനം നേടി. ആദ്യ അഞ്ചെണ്ണം 100 കോടി ക്ലബ്ബിലെത്തി.
കേരളത്തിലും പുറത്തും തരംഗമുണ്ടാക്കിയ ‘മഞ്ഞുമ്മൽ ബോയ്‌സ്’ 242 കോടിരൂപ സമ്പാദിച്ചു. ബ്ലെസിയുടെ ‘ആടുജീവിതം’ (160 കോടി), ജിത്തു മാധവന്റെ ‘ആവേശം’ (156), ഗിരീഷ് എ ഡിയുടെ ‘പ്രേമലു’ (136), ജിതിൻലാലിന്റെ ‘എആർഎം’ (100) എന്നിവയാണ് വൻ നേട്ടമുണ്ടാക്കിയ മറ്റു ചിത്രങ്ങൾ. വിപിൻ ദാസിന്റെ ‘ഗുരുവായൂരമ്പലനടയിൽ’, വിനീത് ശ്രീനിവാസന്റെ ‘വർഷങ്ങൾക്കുശേഷം’, ദിൻജിത് അയ്യത്താന്റെ ‘കിഷ്‌കിന്ധാകാണ്ഡം’, വൈശാഖിന്റെ ‘ടർബോ’, രാഹുൽ സദാശിവന്റെ ‘ഭ്രമയുഗം’, എം സി ജിതിന്റെ ‘സൂക്ഷ്‌മദർശിനി’ എന്നിവയും വിജയംകണ്ടു. സർവകാല റെക്കോഡുണ്ടാക്കിയ ആദ്യ പത്തുചിത്രങ്ങളിൽ ‘മഞ്ഞുമ്മൽ ബോയ്‌സ്’, ‘ആടുജീവിതം’, ‘ആവേശം’, ‘പ്രേമലു’ എന്നിവയാണുള്ളത്. റിലീസ് ചെയ്ത ചിത്രങ്ങളുടെ എണ്ണത്തിന് ആനുപാതികവിജയം ഉണ്ടാക്കാനാകാത്തതും ഒടിടി, സാറ്റലൈറ്റ് വിൽപ്പനയിൽനിന്ന് വരുമാനം കുറഞ്ഞതും നഷ്ടമുണ്ടാക്കിയതായി നിർമാതാക്കൾ കണക്കാക്കുന്നു.
ഇംഗ്ലീഷ്, തമിഴ്, കന്നട, ഹിന്ദി സിനിമകൾ മുൻവർഷത്തെ നേട്ടം കേരളത്തിൽ ആവർത്തിച്ചില്ല. ‘ലക്കി ഭാസ്കർ’, ‘ഡ്യൂൺ 2’, ‘ക്യാപ്റ്റൻ മില്ലർ’, ‘മഹാരാജ’, ‘അമരൻ’ എന്നിവ നേട്ടമുണ്ടാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..