22 December Sunday

കൊല്ലം സ്വദേശികളായ ദമ്പതികൾ സൗദിയിൽ മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

അനൂപ് , രമ്യമോൾ

തൃക്കരുവ > ദമ്പതികളെ സൗദിയിൽ മരിച്ചനിലയിൽ കണ്ടെത്തി. നടുവിലച്ചേരി മംഗലത്ത് കുളത്തിനു സമീപം മംഗലത്ത് വീട്ടിൽ അനൂപ് മോഹൻ (37), രമ്യമോൾ (28) എന്നിവരെയാണ്‌ ദമാം അൽകൊബാർ തുഖ്‌ബയിലെ താമസസ്ഥലത്ത്‌ മരിച്ചനിലയിൽ കണ്ടത്‌. കൊല്ലം കാവനാട് സ്വദേശികളാണ്. അനൂപ് മോഹൻ അടുക്കളയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും രമ്യമോൾ കിടക്കയിൽ മരിച്ച നിലയിലുമായിരുന്നു. ഇവരുടെ അഞ്ചുവയസ്സുള്ള മകൾ ആരാധ്യയുടെ കരച്ചിൽകേട്ട്‌ സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രമ്യയെ കൊലപ്പെടുത്തിയശേഷം അനൂപ്‌ ആത്മഹത്യ ചെയ്‌തതാണെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്‌സ്‌ മോർച്ചറിയിലേക്കു മാറ്റി. പൊലീസ്‌ കുട്ടിയുടെ മൊഴിയെടുത്തു. അൽകൊബാറിൽ മലയാളി കുടുംബത്തിന്റെ സംരക്ഷണയിലാണ്‌ കുട്ടി. 

സൗദി തുഖ്‌ബ സനാനയിൽ വർക്‌ഷോപ്‌ നടത്തുകയാണ് അനൂപ്. ആറുമാസം മുമ്പാണ് രമ്യയും മകളും സന്ദർശക വിസയിൽ സൗദിയിലേക്കു പോയത്. വിസ കാലാവധി തീർന്നതിനാൽ ഇരുവരും സെപ്‌തംബറിൽ തിരികെ വരാനിരിക്കുകയായിരുന്നു. ദമ്പതികൾ അഞ്ചുവർഷം മുമ്പ്‌ കൊല്ലത്ത്‌ തൃക്കരുവയിൽ വീടും സ്ഥലവും വാങ്ങി സ്ഥിരതാമസമായതാണ്. രമ്യയുടെ സഹോദരന്റെ ഭാര്യവീട് തൃക്കരുവയിലാണ്. 
 
രാമൻകുളങ്ങര സ്വദേശി മോഹന്റെയും രമണിയുടെയും മകനാണ് അനൂപ് മോഹൻ. അനൂപ്‌ നേരത്തെ നാടുവിട്ട് പോയതാണ്‌. അമ്മ രമണി നാട്ടിൽ ഇളയ മകനൊപ്പമാണ് താമസം. മീനത്തുചേരി കോട്ടപ്പറത്ത് വാടകവീട്ടിൽ താമസിക്കുന്ന മുരളിയുടെ മകളാണ് രമ്യ. അമ്മ വസന്ത കോവിഡ് കാലത്ത് മരിച്ചു. ഈ വീട്ടിലാണ്‌ അനൂപും ഭാര്യ രമ്യയും നേരത്തെ താമസിച്ചിരുന്നത്. പിന്നീടാണ് തൃക്കരുവയിലേക്ക് താമസം മാറിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top