22 December Sunday

മാളിയേക്കൽ മേൽപ്പാലം ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

ചിത്രം: ​ഗോപു നീണ്ടകര

കരുനാഗപ്പള്ളി > കരുനാഗപ്പള്ളി–ശാസ്താംകോട്ട റോഡിൽ നിർമാണം പൂർത്തിയാക്കിയ മാളിയേക്കൽ റെയിൽവേ മേൽപ്പാലം ചൊവ്വാഴ്ച നാടിനു സമർപ്പിക്കും. പകൽ മൂന്നിന്‌ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനംചെയ്യും. പാലത്തിനു സമീപം ചേരുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാനത്ത് ആദ്യമായി സ്റ്റീൽ കോമ്പോസിറ്റ് സ്ട്രക്ചറിൽ പൂർത്തിയാകുന്ന മേൽപ്പാലമാണിത്. മുൻ എംഎൽഎ ആർ രാമചന്ദ്രന്റെ ഇടപെടലിനെ തുടർന്ന് ഒന്നാം പിണറായി സർക്കാരാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി 33.04 കോടി അനുവദിച്ചത്. മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം 2021 ജനുവരി 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. 546 മീറ്റർ നീളവും 10.2 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. ഒരുവശത്തായി നടപ്പാതയുമുണ്ട്. ആകെ 26.58 കോടി രൂപ ചെലവിലാണ് പാലം പൂർത്തീകരിച്ചത്.

മേൽപ്പാലം നാടിന്‌ സമർപ്പിക്കുന്നതോടെ കരുനാഗപ്പള്ളി നിവാസികളുടെ സ്വപ്‌നമാണ്‌ യാഥാർഥ്യമാകുന്നതെന്ന്‌ എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനച്ചടങ്ങുകൾ ഏതാനും ദിവസത്തേക്കു മാറ്റിയപ്പോൾ യുഡിഎഫ്‌ രാഷ്ട്രീയ ലക്ഷ്യത്തോടെ പാലം തുറന്നുകിട്ടണം എന്ന്‌ ആവശ്യപ്പെട്ട് സമരം നടത്തി. ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തി രാഷ്ട്രീയലാഭം കൊയ്യാനുള്ള ശ്രമം മാത്രമാണിതെന്നും എൽഡിഎഫ്‌ സർക്കാരിന്റെ വികസനനേട്ടം ജനം അംഗീകരിക്കുമെന്നും എൽഡിഎഫ് നേതാക്കളായ പി കെ ബാലചന്ദ്രൻ, ജഗത്ജീവൻ ലാലി, പി കെ ജയപ്രകാശ്, ശശിധരൻപിള്ള, വി ദിവാകരൻ, ജബ്ബാർ ഹുസൈൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top