കൊച്ചി
ശ്രുതിയെ സ്‌നേഹവാത്സല്യങ്ങളോടെ മമ്മൂട്ടി ചേർത്തുപിടിച്ചു. കൈയിൽ കരുതിയ കവർ കൈമാറി; പിന്നെ പറഞ്ഞു ‘‘ഇതൊരു കടലാസാണ്. ഇതിനകത്ത് ചെക്കും ഇല്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം’’–- ശ്രുതിയുടെ ചുണ്ടിൽ സങ്കടനനവുള്ള ചെറുചിരി തെളിഞ്ഞു. കൊച്ചിയിൽ ട്രൂത്ത് മംഗല്യം സമൂഹവിവാഹച്ചടങ്ങിലായിരുന്നു ഹൃദയംതൊട്ട നിമിഷങ്ങൾ.
ട്രൂത്ത് ഗ്രൂപ്പായിരുന്നു സമൂഹവിവാഹ സംഘാടകർ. സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെ വിളിക്കണമെന്ന് ട്രൂത്ത് ഗ്രൂപ്പ് ചെയർമാൻ സമദിനോട് പറഞ്ഞത് മമ്മൂട്ടിയായിരുന്നു. ശ്രുതിക്കും പ്രതിശ്രുതവരനായിരുന്ന ജെൻസനും കരുതിയിരുന്ന തുക കൈമാറണമെന്നും നിർദേശിച്ചിരുന്നു. സമദിന്റെ ക്ഷണം സ്വീകരിച്ച് എത്തിയ ശ്രുതി, വധൂവരന്മാർക്ക് ആശംസകളും നേർന്നു. ശ്രുതിക്കും ജെൻസനുമായി കരുതിവച്ച തുക മമ്മൂട്ടി കൈമാറി.‘‘മുന്നോട്ടുള്ള ശ്രുതിയുടെ ജീവിതത്തിൽ ഇനിയെന്ത് സഹായത്തിനും ഒപ്പമുണ്ടാകും’’–- മമ്മൂട്ടി ഉറപ്പുനൽകി.
ഇരുപത് വിവാഹങ്ങളാണ് നടന്നത്. വയനാട് ദുരന്തത്തിൽ ശ്രുതിയുടെ ഉറ്റവർ മരിച്ചിരുന്നു. ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നതിനിടെ പ്രതിശ്രുത വരൻ ജെൻസനെയും നഷ്ടമായി. വാഹനാപകടത്തിലായിരുന്നു ജെൻസന്റെ അന്ത്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..