നീലേശ്വരം> അഴിത്തല കടപ്പുറത്ത് നിന്നും മീൻപടിക്കാൻ പോയ ഫൈബർ ബോട്ട് പുലിമുട്ടിന് സമീപം മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാളെ കാണാതായി. പരപ്പനങ്ങാടി സ്വദേശി അബൂബക്കർ കോയ(57) ആണ് മരിച്ചത്.
തോണിയിൽ 37 തൊഴിലാളികളാണ് ഉണ്ടായത്. രക്ഷാ ബോട്ട് 35പേരെ രക്ഷപ്പെടുത്തി. കാണാതായ ആൾക്കായി രക്ഷാ ബോട്ട് തിരച്ചിൽ നടത്തുന്നു. അബൂബക്കർ കോയയുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
ബുധൻ പകൽ മൂന്നിനാണ് അപകടം. സംഘത്തിലെ ഒമ്പതുപേർ ബോട്ടിന്റെ കരിയർ വള്ളത്തിൽ രക്ഷപെട്ടു. 21 പേരെ തീര സംരക്ഷണ സേനയും ഫിഷറീസ് വകുപ്പ് ബോട്ടും ചേർന്നാണ് രക്ഷിച്ചത്. കള്ളക്കടൽ പ്രതിഭാസമാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു. കാസർകോട് ജില്ലയിൽ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ള ഘട്ടമാണിത്. കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഈ സമയത്ത് അപകടകരമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..