കണ്ണൂർ> ട്രെയിൻ കടന്നുപോകുന്നതിനുമുമ്പ് പാളത്തിൽവീണ മധ്യവയസ്‌കൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറക്കലിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിൽ പന്നേൻപാറയിൽ ഞായർ വൈകിട്ടാണ് സംഭവം.
അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് വീണ ആളോട് സമീപത്തുണ്ടായിരുന്നവർ ട്രെയിൻ വരുന്നുണ്ടെന്ന് പറഞ്ഞെങ്കിലും ഇയാൾക്ക് പെടുന്നനെ എഴുന്നേൽക്കാൻ സാധിച്ചില്ല. മുകളിലൂടെ ട്രെയിൻ കടന്നുപോയതിനുശേഷം ഒരുപ്രയാസവുമില്ലാതെ എഴുന്നേറ്റ മധ്യവയസ്‌കൻ ട്രാക്കിലൂടെ വടക്ക് ഭാഗത്തേക്ക് നടന്നുപോകുന്നതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
ട്രാക്കിന് അടിയിൽ വീണതാരെന്ന് സ്ഥിരീകരിക്കാൻ റെയിൽവേ പൊലീസിന് സാധിച്ചിട്ടില്ല. അപകടത്തിൽപ്പെട്ടയാൾ മദ്യലഹരിയിലായിരുന്നോയെന്ന് സംശയം ഉണ്ട്. പന്നേൻപാറയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..