അങ്കമാലി
പാറക്കടവ് പുളിയനം മില്ലുംപടിയിൽ ശനി പുലർച്ചെ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച മകനും രാത്രി ഒമ്പതോടെ മരിച്ചു. വെളിയത്തുവീട്ടിൽ സനലിനെ (42) തൂങ്ങിമരിച്ച നിലയിലും ഭാര്യ സുമിയെ (35) പൊള്ളലേറ്റ് മരിച്ചനിലയിലുമാണ് ശനി പുലർച്ചെ കണ്ടെത്തിയത്. ഗുരുതര പൊള്ളലേറ്റ മകൻ ആഷ്തിക്ക് (ആറ്) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി മരിച്ചു. മറ്റൊരു മകൻ അശ്വഥിന് (11) പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് മുറിയിൽനിന്ന് പൊലീസ് കണ്ടെടുത്തു.
ശനി പുലർച്ചെ പന്ത്രണ്ടരയോടെ കുട്ടികളുടെ കരച്ചിൽ കേട്ട് അയൽവാസി സിജോ ജോസും മറ്റുള്ളവരും ഓടിയെത്തുകയായിരുന്നു. അകത്തുനിന്ന് പൂട്ടിയ വാതിൽ ചവിട്ടിപ്പൊളിച്ചതോടെ കുട്ടികൾ പുറത്തേക്കോടി. ആഷ്തിക്കിന്റെ ശരീരമാകെ തീ ആളിപ്പടർന്ന നിലയിലായിരുന്നു. ഉടൻ അങ്കമാലി എൽഎഫ് ആശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒമ്പതോടെ മരിച്ചു.
വീടിനകത്ത് തീ പടർന്നത് നാട്ടുകാരും അങ്കമാലി അഗ്നി രക്ഷാസേനയുമെത്തി അണച്ചു. സാമ്പത്തികബാധ്യതമൂലം ദമ്പതികൾ ആത്മഹത്യ ചെയ്തെന്നാണ് വിവരം. കട്ടിലിൽ മണ്ണെണ്ണ ഒഴിച്ചതായി സൂചനയുണ്ട്. കുട്ടികൾ ഉറങ്ങിയശേഷം കിടപ്പുമുറിയിൽ സനൽ തൂങ്ങുകയും പാചകവാതക സിലിണ്ടർ കൊണ്ടുവന്ന് സുമി തീകൊളുത്തിയെന്നുമാണ് പൊലീസ് നിഗമനം. അൽപ്പം മാറിക്കിടന്നതുകൊണ്ട് അശ്വഥിന് കാര്യമായി പൊള്ളലേറ്റില്ല. കാലടി ആശ്രമം സ്കൂളിലെ ആറും ഒന്നും ക്ലാസ് വിദ്യാർഥികളാണ് ഇവർ.
സനലും സുമിയും തുറവൂരിൽ ഇ–-സേവന കേന്ദ്രം നടത്തുകയാണ്. രാവിലെ മക്കളോടൊപ്പം പോയാൽ രാത്രിയിലാണ് മടങ്ങിവരുന്നത്. അതിനാൽ നാട്ടുകാരുമായി കൂടുതൽ അടുപ്പമുണ്ടായിരുന്നില്ല. മൃതദേഹങ്ങൾ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. വൈകിട്ട് കിടങ്ങൂർ എസ്എൻഡിപി ശാന്തിനിലയത്തിൽ സംസ്കരിച്ചു. സനലിന്റെ അച്ഛൻ: ശശി. അമ്മ: ശ്യാമള. കരിയാട് വെമ്പിളിയത്ത് കുടുംബാംഗമാണ് സുമി. അച്ഛൻ: സുന്ദരൻ. അമ്മ: ലത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..