22 December Sunday

നൂതനാശയങ്ങൾ ഉൽപ്പന്നങ്ങളാക്കാൻ 
മാനേജ്മെന്റ്‌ വൈദഗ്‌ധ്യം അനിവാര്യം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കൊച്ചി
നൂതനാശയങ്ങളെ ഉൽപ്പന്നങ്ങളും സേവനങ്ങളുമാക്കി മാറ്റുന്നതിൽ മാനേജ്മെന്റ് വിദഗ്ധരുടെ ഇടപെടൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുസാറ്റ്‌ സ്കൂൾ ഓഫ് മാനേജ്മെന്റ്‌ സ്റ്റഡീസ്‌ (എസ്‌എംഎസ്‌) വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ലോകത്തെ ഏറ്റവും വലിയ ടാക്സി, ആശുപത്രി, ഭക്ഷ്യവിതരണ ശൃംഖലകൾ നിലനിൽക്കുന്നത് നൂതനാശയങ്ങളുടെയും സാങ്കേതികസംവിധാനങ്ങളുടെയും അടിസ്ഥാനത്തിലാണ്. സ്വന്തമായി അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാതെയാണ് ഇത്തരം സംരംഭങ്ങൾ വിജയിക്കുന്നത്. അവയെ നാടിനാകെ ഗുണമാകുന്നവിധത്തിൽ പ്രയോജനപ്പെടുത്തുന്നതിന്‌ മുൻകൈയെടുക്കാൻ എസ്‌എംഎസിന്‌ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നൂതന മാനേജ്മെന്റ് കോഴ്സുകൾ തുടങ്ങുന്നതിനും പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്നതിനും എസ്എംഎസ് മുന്നിലാണ്.


ഇൻസ്റ്റിറ്റ്യൂട്ട്- ഇൻഡസ്ട്രി പാർട്‌ണർഷിപ് എന്ന നൂതനമാതൃക കേരളത്തിൽ ആദ്യമായി നടപ്പാക്കിയത് എസ്‌എംഎസിലാണ്‌. വ്യവസായങ്ങളുമായി സഹകരിച്ച് മാനേജ്മെന്റ് ഫൗണ്ടേഷൻ സംവിധാനം അഹമ്മദാബാദ്, കൊൽക്കത്ത ഐഐഎമ്മുകളുമായി ചേർന്നാണ് നടപ്പാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനവകുപ്പുകളിൽ വ്യവസായമേഖലയുടെ സാന്നിധ്യവും പിന്തുണയും ലഭ്യമാക്കുന്നത് എങ്ങനെയെന്നും മാനേജ്മെന്റ് ഫൗണ്ടേഷൻ കാണിച്ചുതന്നു. ഇത്തരം മാതൃകകളെ പിൻപറ്റിയാണ് ഉന്നതവിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഇപ്പോൾ കേരളത്തിൽ നടക്കുന്നത്.


ഇൻഡസ്ട്രിയൽ ക്യാമ്പസ്‌, കണക്ട് കരിയർ ടു ക്യാമ്പസ്, ക്യാമ്പസ് വ്യവസായ പാർക്കുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതിലേക്ക്‌ എത്തിയിരിക്കുകയാണ്‌. സംരംഭകത്വവികസനം, സുസ്ഥിര വ്യവസായവളർച്ച, നേതൃരൂപീകരണം, റിസ്ക് മാനേജ്മെന്റ്, ക്വാളിറ്റി മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഉപശാഖകളുള്ള മേഖലയായി മാനേജ്മെന്റ് പഠനം വളർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി. ഹൈബി ഈഡൻ എംപി, കളമശേരി നഗരസഭാ അധ്യക്ഷ സീമ കണ്ണൻ, കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷ്‌റി, കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് ഡയറക്ടർ കെ എ സഖറിയ, ശശി ഗോപാലൻ, ഡോ. സാം തോമസ്, ബൈജു അമ്പാടൻ, എ യു അരുൺ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top