17 September Tuesday
ഇന്ന്‌ ലോക കടുവ ദിനം

ഇരയെ കണ്ടാൽ മുട്ടിടിക്കും... മംഗള കാട്ടിലേക്കില്ല

കെ എ അബ്ദുൾ റസാഖ്‌/ ഫെബിൻ ജോഷിUpdated: Sunday Jul 28, 2024


കുമളി/ ആലപ്പുഴ
വയസ്സ്‌ മൂന്നര കഴിഞ്ഞു മംഗളയ്‌ക്ക്‌.  കുഞ്ഞുമുയലിനെയല്ലാതെ  മറ്റൊന്നിനെയും കൊന്നുതിന്നാൻ അവൾക്കറിയില്ല. പരിശീലനം നൽകിയിട്ടുമില്ല ഫലം. സ്വന്തമായി ഇര പിടിക്കാനറിയാതെ കാട്ടിലേക്ക്‌ പോയിട്ട്‌ എന്തുകാര്യം? അതുകൊണ്ടുതന്നെ ഈ പെൺകടുവയെ ഇത്തവണത്തെ ലോക കടുവ ദിനത്തിലും കാട്ടിൽ വിടാനാകില്ല. സംസ്ഥാനത്തെ ഏതെങ്കിലുമൊരു സുവോളജിക്കൽ പാർക്കിന്റെ ഭാഗമാകും അവൾ.

കടുവ ദിനത്തിൽ പെരിയാർ കടുവാസങ്കേതത്തിലേക്ക്‌ തുറന്നുവിടാനാണ്‌ ആലോചിച്ചിരുന്നത്‌. എന്നാൽ, ഇരപിടിക്കാനുള്ള ശേഷിയും മറ്റ് മൃഗങ്ങളെ തിരിച്ചറിയാനുള്ള കഴിവും ഇല്ലാത്തതിനാൽ വനംവകുപ്പിന്റെ സംരക്ഷണയിൽത്തന്നെ തുടരേണ്ടിവരും.  ഇടുക്കിയിൽ തമിഴ്‌നാട്‌ അതിർത്തിയിലെ മംഗളാദേവി ക്ഷേത്രത്തിനടുത്തുള്ള ഫോറസ്റ്റ്‌ ഓഫീസിന്‌ സമീപത്തുനിന്ന്‌ 2020 നവംബർ 21നാണ്‌ പിൻകാലുകൾക്ക്‌ പരിക്കേറ്റ്‌ അവശയായ രണ്ടുമാസം പ്രായമുള്ള കടുവക്കുഞ്ഞിനെ വനപാലകർക്ക്‌ കിട്ടിയത്‌. മംഗളാദേവി ക്ഷേത്രത്തിന്‌ സമീപത്തുനിന്ന് ലഭിച്ചതിനാൽ ‘മംഗള’ എന്ന്‌ പേരിട്ടു.

മംഗളാദേവി ക്ഷേത്രത്തിനടുത്തുനിന്ന്‌ 2020 നവംബറിൽ കടുവക്കുട്ടിയെ കിട്ടിയപ്പോൾ

മംഗളാദേവി ക്ഷേത്രത്തിനടുത്തുനിന്ന്‌ 2020 നവംബറിൽ കടുവക്കുട്ടിയെ കിട്ടിയപ്പോൾ


 

എട്ടുമാസത്തെ ചികിത്സയ്‌ക്കൊടുവിൽ മംഗള ആരോഗ്യം വീണ്ടെടുത്തു. എന്നാൽ പരിശോധനയിൽ 90 ശതമാനം കാഴ്ചക്കുറവ്‌ കണ്ടെത്തി. അമേരിക്കയിൽനിന്ന്‌ ലാനോസ്റ്റെറോൾ എന്ന തുള്ളിമരുന്നെത്തിച്ച്‌ ചികിത്സ നടത്തി കാഴ്ച കുറെയൊക്കെ വീണ്ടെടുത്തു. അമ്മയിൽനിന്ന്‌ കുഞ്ഞിലേ വേർപെട്ടതിനാൽ വേട്ടയാടാൻ അറിയില്ല. കാടിന്‌ സമാനമായ ആവാസവ്യവസ്ഥ ഒരുക്കി ഇരപിടിക്കാൻ പരിശീലിപ്പിക്കാൻ വനംവകുപ്പ്‌ തീരുമാനിച്ചു.  10,000 അടി വിസ്തൃതിയുള്ള വനമൊരുക്കി.  22 അടി ഉയരമുള്ള കമ്പിവേലി കെട്ടി മനുഷ്യസാന്നിധ്യം പരമാവധി ഒഴിവാക്കി. എന്നിട്ടും അവൾക്ക്‌ പരിശീലനത്തിനൊത്തുയരാനായില്ല.

ദിവസവും നാലുകിലോ ഇറച്ചിയാണ് ഭക്ഷണം. പരിപാലിക്കാൻ രണ്ട്‌ വാച്ചർമാർ. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ നിർദേശത്തെതുടർന്ന് കൊക്കരയിലെ ഫോറസ്റ്റ് ഓഫീസിലാണ് ഇപ്പോൾ മംഗളയുടെ സംരക്ഷണം. കടുവാസങ്കേതത്തിലേക്ക്‌ തുറന്നുവിടുന്നതിനായി മംഗളയുടെ ആരോഗ്യം പരിശോധിച്ച വിദഗ്‌ധസമിതി, കാട്ടിൽ വിടുന്നത്‌ ഒഴിവാക്കാനാവശ്യപ്പെട്ട്‌  സർക്കാരിന്‌ ശുപാർശ നൽകി.

മറ്റിടങ്ങളിൽ കടുവകളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞപ്പോഴും പെരിയാർ കടുവാ സങ്കേതത്തിൽ 2022ൽ നടന്ന സെൻസസിൽ കടുവകൾ വർധിച്ചതായി കണ്ടെത്തി. നാല് ‌വർഷത്തിനിടെ പത്ത്‌ കടുവകൾകൂടി വന്നതോടെ ഇവിടെ  -45 കടുവകളായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top