തൃശൂർ
കാലം തെറ്റിയെത്തിയ ശക്തമായ മഴയിൽ മാവുകൾ പൂക്കുന്ന കാലവും തെറ്റുന്നു. ന്യൂന മർദത്തിൽ മഴ ശക്തമായതോടെ പൂവിടുന്നതിന് പകരം മാവുകൾ തളിർക്കുകയാണ്. നേരത്തെ പൂത്തവയിലെ പൂങ്കുലകൾ കൊഴിഞ്ഞു. കീടങ്ങളും രോഗങ്ങളും വ്യാപകമായതോടെ ഈ വർഷം കായ്‌ഫലം ഗണ്യമായി കുറയും. ഡിസംബറിൽ നാമമാത്രമായേ തുലാവർഷമുണ്ടാകാറുള്ളൂ.
തണുപ്പുള്ള വരണ്ട കാലാവസ്ഥയാണ് ഫലവൃക്ഷങ്ങൾ പൂക്കാനും കായ്‌ക്കാനും അനുകൂലം. അടിക്കടിയുണ്ടാകുന്ന ന്യൂനമർദത്തെത്തുടർന്നുള്ള മഴ ഇത് തകിടം മറിക്കുകയാണ്. ഈ വർഷം വൃശ്ചികക്കാറ്റും മഞ്ഞും പെയ്‌തു തുടങ്ങി. അനുകൂല കാലാവസ്ഥ രൂപപ്പെടുന്നതിനിടെയാണ് കനത്ത മഴ പെയ്‌തത്. നേരത്തെ പൂത്ത മാവുകളിലെ പൂമ്പൊടി ഒലിച്ചുപോയതോടെ പരാഗണം തടസ്സപ്പെട്ടു. ചൂർണപൂപ്പൽ രോഗം, കൊമ്പുണക്കം എന്നീ കുമിൾ രോഗങ്ങൾ എന്നിവ വ്യാപകമായി.
മഴയിൽ വേരുകൾ വെള്ളം വലിച്ചെടുത്ത് ഇലകളും കമ്പുകളും തളിരിടുകയാണ്. പുതുതായി മുളച്ച കമ്പുകൾ മൂപ്പെത്തി എട്ടുമാസത്തിനുശേഷമേ പൂവിടൂ. ആ സമയമാവുമ്പോഴേക്കും വീണ്ടും മഴയാവും. ഇതോടെ ഈ വർഷം മാവുകളിൽ കായ്‌ഫലം ഇല്ലാതാവുന്ന സ്ഥിതിയാണ്.
മഴ പാലക്കാട് മുതലമടയിലെ മാവ് കർഷകർക്ക് വൻ നഷ്ടം വരുത്തിയതായി കാലാവസ്ഥാ ഗവേഷകൻ പി വിനോദ് കുമാർ പറഞ്ഞു. സിന്ദുരം, അൽഫോൻസോ തുടങ്ങി 20ൽപ്പരം മാമ്പഴം ഇന്ത്യയിൽ ആദ്യമായി കായ്‌ക്കുന്നത് മുതലമടയിലാണ്. മികച്ച വില കിട്ടാറുണ്ട്. 12000 ഏക്കറിൽ ഈ പ്രദേശത്ത് മാവ് കൃഷിയുണ്ട്. ഏക്കറിന് ഒരു ലക്ഷം വരെ വില ലഭിക്കാറുണ്ട്. ഇത്തവണ ഇതെല്ലാം നഷ്‌ടമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..