19 November Tuesday

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ മനുഷ്യസ്നേഹികൾ ശബ്ദമുയർത്തുക: പുകാസ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

തിരുവനന്തപുരം> മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയിലെമ്പാടുമുള്ള മനുഷ്യസ്നേഹികൾ ശബ്ദമുയർത്തണമെന്ന് പുരോഗമന കലാസാഹിത്യ സംഘം. പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ കാണിക്കുന്ന മൗനവും കേന്ദ്ര സർക്കാരിൻ്റെ നിഷ്ക്രിയത്വവും കലാപം ആളിക്കത്തിക്കുന്നതിനെ സഹായിക്കുന്നെന്ന് പ്രസിഡന്റ്‌ ഷാജി എൻ കരുൺ, ജന. സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

മണിപ്പൂരിലെ വംശീയ കലാപം തുടരുകയാണ്. മണിപ്പൂർ വംശീയ കലാപത്തിന്റെ ദുരന്ത ഭൂമിയായി മാറിക്കഴിഞ്ഞു. ഒന്നരവർഷമായി ഇത് തുടരുന്നു. സമാധാനത്തിലും സ്നേഹത്തിലും ജീവിച്ച ഒരു ജനത മഹാസങ്കടങ്ങളുടെ നടുവിലാണ്. മെയ്തെയ്- കുക്കി വംശജർ തമ്മിലുള്ള ഏറ്റുമുട്ടൽ അവിടെ തുടരുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം ആയിരക്കണക്കിനു മനുഷ്യരുടെ ജീവൻ അപഹരിച്ചു. സ്ത്രീകളെ നഗ്നരായി പൊതുവഴിയിലൂടെ നടത്തുന്നതിന് ലോകം സാക്ഷിയായി. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുക, മൃതശരീരങ്ങൾ വികൃതമാക്കി ഒളിപ്പിക്കുക തുടങ്ങി അങ്ങേയറ്റം ഹീനവും കിരാതവുമായ പ്രവൃത്തികളാണ് മണിപ്പൂരിൽ നടക്കുന്നത്.

സംസ്ഥാന- കേന്ദ്ര ഭരണകൂടങ്ങൾ, കുക്കികളെ വേട്ടയാടാൻ  മെയ്തെയ്  വംശജർക്ക് ആയുധവും പിന്തുണയും നൽകുന്നു. ഇത് ഭരണരംഗത്തെ കൂട്ടാളികൾക്ക് പോലും ഉൾക്കൊള്ളാനാകുന്നില്ല ഇതിൻ്റെ തെളിവാണ് എൻപിപി അംഗങ്ങളുടെ പിന്തുണ പിൻവലിക്കൽ. ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളായ കുക്കികളുടെ ആരാധനാലയങ്ങളും, വിദ്യാലയങ്ങളും വീടുകളും തകർക്കുന്നു. ന്യൂനപക്ഷ വേട്ടക്ക് ബിജെപി ഭരണ കൂടവും, സംഘപരിവാറും നേതൃത്വം നൽകുന്നു. രാജ്യത്തിൻ്റെ ഭരണഘടനയെ വെല്ലുവിളിക്കുന്ന വംശഹത്യക്കാണ് സംസ്ഥാന- കേന്ദ്ര സർക്കാരുകൾ പിന്തുണ നൽകുന്നത്. പൊറുതി കെട്ട ജനങ്ങൾ ഭരണാധികാരുടെ വീടുകൾ ആക്രമിക്കുന്ന സ്ഥിതി വന്നിരിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കാനുള്ള സുപ്രീം കോടതി നിർദ്ദേശം പോലും കേന്ദ്ര ഗവ. അംഗീകരിക്കുന്നില്ലെന്നും പുരോഗമന കലാസാഹിത്യ സംഘം പ്രസ്താവനയിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top