14 November Thursday

മഞ്ചേരി മെഡിക്കൽ കോളേജിൽ ഇനി രാത്രിയും പോസ്റ്റ്മോർട്ടം

സ്വന്തം ലേഖകൻUpdated: Saturday Aug 24, 2024

മഞ്ചേരി > സംസ്ഥാനത്ത്‌ ആദ്യമായി രാത്രികാല പോസ്റ്റ്മോർട്ടം നടത്താൻ സജ്ജമായി മഞ്ചേരി മെഡിക്കൽ കോളേജ്‌. ഇനി ഇവിടെ രാത്രി എട്ടുവരെ പോസ്റ്റ്‌മോർട്ടം നടത്തും. ആരോ​ഗ്യ വകുപ്പിന്റെ നിർദേശത്തെതുടർന്ന്‌ മഞ്ചേരിയിൽ ഫോറൻസിക് വകുപ്പ് മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്ന് ഇതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

നിലവിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് പോസ്റ്റ്‌മോർട്ടം. നടപടിക്രമങ്ങൾ കഴിഞ്ഞ് മൃതദേഹങ്ങൾ മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും സമയം കഴിയുന്നതിനാൽ പലപ്പോഴും പിറ്റേ ദിവസമാണ്‌ പോസ്റ്റ്‌മോർട്ടം നടത്താറ്‌. സമയം നീട്ടുന്നതോടെ ഇതൊഴിവാക്കാനാകും. കൊലപാതകം, ആത്മഹത്യ, പീഡനത്തെത്തുടർന്നുള്ള മരണം, സംശയാസ്പദമായ സാഹചര്യത്തിൽ കിട്ടുന്ന മൃതദേഹം, തിരിച്ചറിയാനാകാത്ത വിധത്തിലോ അഴുകിയതോ ആയ മൃതദേഹം എന്നിവ ഒഴികെയുള്ളവായാണ്‌ രാത്രി പോസ്റ്റ്‌മോർട്ടം നടത്തുക. രാത്രി പോസ്റ്റുമോർട്ടത്തിന്‌ അതത്  ഇടങ്ങളിലെ ഇൻസ്പെക്ടർമാർ വൈകിട്ട് അഞ്ചിനുമുമ്പ്‌ കത്ത്‌ നൽകണം. വലിയ അപകടങ്ങളും ദുരന്തങ്ങളുമുണ്ടായാൽ 24 മണിക്കൂറും പോസ്റ്റുമോർട്ടം നടത്തുമെന്നും ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു.

കൃത്യമായ പ്രകാശ സംവിധാനങ്ങളൊരുക്കിമാത്രമേ പോസ്റ്റുമോർട്ടം ചെയ്യാവൂ. ഭാവിയിൽ സംശയങ്ങൾ ഒഴിവാക്കാൻ പോസ്റ്റ്മോർട്ടം ചിത്രീകരിക്കും. ലൈറ്റ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചാണ്‌ രാത്രി പോസ്റ്റ്‌മോർട്ടം. നിലവിൽ മഞ്ചേരിയിൽ പ്രൊഫസർ ഉൾപ്പെടെ അഞ്ച് സർജൻമാരാണുള്ളത്. രാത്രി പോസ്റ്റ്‌മോർട്ടത്തിന്‌ ഇവർക്കുപുറമെ സീനിയർ റസിഡന്റ്, മോർച്ചറി ടെക്നീഷ്യൻസ്, അറ്റൻഡർ തസ്തികകളിൽ രണ്ടുവീതം ജീവനക്കാരെ നിയമിക്കണം. എസ്‌ഐ റാങ്കിലുള്ള ഉദ്യോ​ഗസ്ഥന്റെ നേതൃത്വത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രിൻസിപ്പലിനും ആരോ​ഗ്യ വകുപ്പിനും ജില്ലാ പൊലീസ് മേധാവിക്കും ഫോറൻസിക് വകുപ്പ് മേധാവി കത്ത് നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top