22 December Sunday
ഹൈക്കോടതി വിധി: ഒത്തുകളിവാദം പൊളിഞ്ഞു

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് : കെ സുരേന്ദ്രന് തിരിച്ചടി

സ്വന്തം ലേഖികUpdated: Wednesday Oct 16, 2024


കൊച്ചി
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. തുടർനടപടി  നിർത്തിവയ്‌ക്കാനും സുരേന്ദ്രന് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു. സുരേന്ദ്രനെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സ‌ർക്കാർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് കെ ബാബുവിന്റെ നടപടി. ഹർജിയിൽ നവംബർ എട്ടിന് വാദം കേൾക്കും.  സുരേന്ദ്രനൊപ്പം അഞ്ചുപേരെക്കൂടി കുറ്റവിമുക്തരാക്കിയിരുന്നു. ഇവർക്കെതിരായ പുനഃപരിശോധനാ ഹർജി സർക്കാർ ഫയൽ ചെയ്‌തു.

പ്രതിപ്പട്ടികയിൽനിന്ന് സുരേന്ദ്രനെ ഒഴിവാക്കിയത്‌ മതിയായ കാരണങ്ങളില്ലാതെയാണെന്ന്  സർക്കാർ വ്യക്തമാക്കി. പ്രോസിക്യൂഷൻ രേഖകളേക്കാൾ, പ്രതികൾ ഹാജരാക്കിയ രേഖകളാണ് കോടതി അവലംബിച്ചത്. വിചാരണയ്‌ക്കുമുമ്പേ തീർപ്പുകൽപ്പിക്കുന്ന രീതിയുണ്ടായി. സുരേന്ദ്രനെതിരെ പ്രോസിക്യൂഷൻ നൽകിയ തെളിവ്‌ പരിഗണിച്ചില്ല. മൊഴികളിൽ പൊരുത്തക്കേടുണ്ടെങ്കിൽ സാക്ഷിക്ക് അത് വിചാരണക്കോടതിയിൽ വിശദീകരിക്കാം. അതിന്‌ അവസരം നൽകിയില്ല. വിചാരണക്കോടതി ഉത്തരവ് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ മത്സരിക്കുമ്പോൾ ബിഎസ്‌പിയിലെ കെ സുന്ദരയും പത്രിക നൽകിയിരുന്നു. സുന്ദരയെ തട്ടിക്കൊണ്ടുപോയി നാമനിർദേശപത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കോഴയായി രണ്ടരലക്ഷം രൂപയും സ്‌മാർട്ട് ഫോണും നൽകി. കർണാടകത്തിൽ വൈൻ പാർലറും വാഗ്ദാനം ചെയ്‌തു. പിന്നീട്‌  മാധ്യമങ്ങളിലൂടെ സുന്ദര  നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട്‌ അന്നത്തെ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശനാണ്‌ കോടതിയെ സമീപിച്ചത്‌.  സുരേന്ദ്രനുപുറമെ ബിജെപി കാസർകോട് മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്‌ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്ഠ റായ്, വെെ സുരേഷ്, ലോകേഷ് നോട്ട എന്നിവരാണ് മറ്റു പ്രതികൾ.

ഹൈക്കോടതി വിധി: ഒത്തുകളിവാദം പൊളിഞ്ഞു
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസിൽ ഹൈക്കോടതിയുടെ അതിവേഗ ഇടപെടൽ തിരിച്ചടിയായത്‌, ഒത്തുകളിയെന്ന നുണപ്രചാരണം നടത്തിയവർക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഉൾപ്പെടെ ആറുപേരെ കുറ്റവിമുക്തരാക്കിയ കാസർകോട്‌ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി നിയമപരമായി നിലനിൽക്കില്ലെന്ന്‌ പ്രോസിക്യൂഷനും സർക്കാരും ആവർത്തിച്ചത്‌ ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണ്‌. കഴിഞ്ഞ അഞ്ചിന്‌ പ്രിൻസിപ്പൽ സെഷൻസ്‌ കോടതി വിധി വന്നതുമുതൽ എൽഡിഎഫും- ബിജെപിയും ഒത്തുകളിച്ചെന്ന പ്രചാരണമാണ്‌ ചില മാധ്യമങ്ങളിലൂടെ യുഡിഎഫ്‌ നടത്തിയത്‌. ജമാഅത്തെ ഇസ്ലാമിയുടെ ബുദ്ധികേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഇതിന്‌ വലിയ പ്രചാരവും നൽകി. പി വി അൻവറിന്റെ വാദങ്ങൾക്ക്‌ ബലം നൽകാനെന്നപോലെ ചാനലുകൾ ഇത്‌ പൊലിപ്പിച്ചു.

കെ സുരേന്ദ്രൻ കോഴ നൽകി എതിർസ്ഥാനാർഥിയെ പിൻവലിപ്പിച്ചുവെന്ന പരാതിയിൽ കോടതിയിൽ പോയത്‌ എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ്‌. പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ച്‌ എസ്‌സി– -എസ്‌ടി പീഡന നിയമപ്രകാരം ജാമ്യമില്ലാവകുപ്പ്‌ ചുമത്തി കുറ്റപത്രം സമർപ്പിച്ചത്‌ പൊലീസാണ്‌. അന്നൊന്നും കേസിൽ കക്ഷിചേരാനോ, പൊലീസിൽ മൊഴിനൽകാനോ മഞ്ചശ്വരത്ത്‌ ജയിച്ച മുസ്ലിംലീഗോ, കാസർകോട്‌ ജില്ലയിലെ യുഡിഎഫ്‌ നേതൃത്വമോ തയ്യാറായില്ല. സുരേന്ദ്രനെതിരെ മൊഴി നൽകിയതിന്‌ നിരന്തരം ഭീഷണി നേരിട്ട കെ സുന്ദരയെയും കുടുംബത്തെയും ഇപ്പോഴും സംരക്ഷിക്കുന്നത്‌ സിപിഐ എമ്മാണ്‌. 

കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും കിട്ടിയെന്ന്‌ സുന്ദരയുടെയും അമ്മയുടെയും മൊഴിയും ഭീഷണിപ്പെടുത്തിയതിനാലാണ്‌ ഇവ വാങ്ങേണ്ടിവന്നതെന്ന മൊഴിയും കോടതിയുടെ മുന്നിലുണ്ട്‌. ഇക്കാര്യങ്ങളെല്ലാം ഹൊസ്‌ദുർഗ്‌ ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ സിആർപിസി 164 പ്രകാരം രേഖപ്പെടുത്തിയതുമാണ്‌. ഇതൊന്നും പരിഗണിക്കാതെ കുറ്റപത്രം സമർപ്പിക്കുന്നതിലെ സാങ്കേതികത മാത്രം ചൂണ്ടിക്കാട്ടിയാണ്‌ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്‌. ഇത്‌ നിയമപരമല്ലെന്ന ഉറച്ച ബോധ്യത്തിലാണ്‌ പ്രോസിക്യൂഷൻ പുനഃപരിശോധനാ ഹർജി അതിവേഗം  ഹൈക്കോടതിയിൽ സമർപ്പിച്ചതും അനുകൂലവിധി നേടിയതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top