മണ്ണാർക്കാട് > ‘‘പ്രിയപ്പെട്ട ഉമ്മ. ഇന്ന് നിങ്ങളുടെ ജന്മദിനം ആണല്ലോ. 42 വയസ്സുവരെ ഉമ്മയുടെ ജീവിതം കരഞ്ഞുതീർത്തു. ഇനിമുതൽ ഉമ്മ ചിരിക്കണം. അതാണ് എന്റെ ആഗ്രഹം’’. ഒരു മകൾ ഉമ്മയ്‌ക്കായി എഴുതിയ കത്ത്. പക്ഷേ സ്‌നേഹക്കുറിപ്പ് വായിച്ച് നെറുകയിൽ മുത്തം ഏറ്റുവാങ്ങാൻ അവളില്ല. ആ ഉമ്മ ഇപ്പോഴും കരയുകയാണ്.
പനയംപാടത്ത് റോഡരികിലൂടെ നടക്കുകയായിരുന്ന വിദ്യാർഥിനികളുടെ ദേഹത്തേക്ക് ലോറി മറിഞ്ഞ് മരിച്ച നാലുപേരിൽ ഒരാളുടെ കത്താണിത്. ഉമ്മ സജ്നയ്‌ക്കായി ഐഷ എഴുതിവച്ച കുറിപ്പ്. അത് വായിച്ച് പൊട്ടിക്കരയുന്ന ഉമ്മയെ ആശ്വസിപ്പിക്കാൻ കൂടെയുള്ളവർക്ക് വാക്കുകളില്ല. ഏപ്രിലിലാണ് സജ്‌നയുടെ ജന്മദിനം. അന്നത്തേക്ക് പോസ്റ്റ് ചെയ്യാൻ ഐഷ എഴുതിയതായിരുന്നു കത്ത്. ഉമ്മയെ എത്രത്തോളം മകൾ ഇഷ്ടപ്പെടുന്നുവെന്ന് അത് വായിച്ചാലറിയാം. കത്തിൽ ഐഷയുടെ ഒപ്പും വിരലടയാളവുമുണ്ട്.
‘‘മോളേ...നിന്റെ ആഗ്രഹം നീ കത്തിലൂടെ പറഞ്ഞു. നീ പറഞ്ഞപോലെ ഞാൻ ചിരിക്കുന്നത് നീ എങ്ങനെ കാണും’’–-ഉമ്മ ചോദിക്കുന്നു.
ഐഷ മരിച്ച് എട്ടുദിവസം കഴിഞ്ഞ് പഠനമേശ വൃത്തിയാക്കുമ്പോഴാണ് ഉമ്മ സജ്ന ഒട്ടിച്ച പോസ്റ്റൽ കവർ കണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..