22 November Friday

വേശ്യാസ്‌ത്രീയും ബ്രാഹ്മണനും ‘നല്ല ശകുന’മെന്ന്‌ ; സ്‌ത്രീവിരുദ്ധത വിളമ്പി ‘മനോരമ പഞ്ചാംഗം’

പി വി ജീജോUpdated: Sunday Nov 3, 2024


കോഴിക്കോട്‌  > യാത്ര പുറപ്പെടുമ്പോൾ കാണാവുന്ന ‘നല്ല ശകുന’ങ്ങളാണ്‌ വേശ്യാസ്‌ത്രീയും ബ്രാഹ്മണനും മദ്യവും ശവവുമെന്ന്‌ മലയാള മനോരമ പഞ്ചാംഗം. തടിച്ചവളെയും മെലിഞ്ഞവളെയും ബാലികയെയും വൃദ്ധയെയും നല്ല മക്കളെ ആഗ്രഹിക്കുന്നവർ ഉപേക്ഷിക്കണമെന്നും പഞ്ചാംഗത്തിലൂടെ മനോരമ ഉപദേശിക്കുന്നു. ഈയടുത്ത്‌ വിപണിയിലിറക്കിയ പഞ്ചാംഗത്തിലാണ്‌ (കൊല്ലവർഷം 1200)- സർവത്ര അന്ധവിശ്വാസവും സ്‌ത്രീവിരുദ്ധതയും. സാംസ്‌കാരിക ഉന്നതിക്കായി മനോരമ കോഴിക്കോട്‌ കൊണ്ടാടുന്ന ഹോർത്തൂസ്‌ സാംസ്‌കാരികോത്സവത്തിലെ പുസ്‌തകമേളയിലും സംസ്‌കാരശൂന്യത നിറഞ്ഞ പഞ്ചാംഗം വിൽപ്പനയ്ക്കുണ്ട്‌. കേന്ദ്രസർക്കാർ അംഗീകരിച്ച സൂക്ഷ്‌മഗണിത പദ്ധതിയനുസരിച്ച് തയ്യാറാക്കിയതെന്ന അവകാശക്കുറിപ്പോടെയാണ്‌ പഞ്ചാംഗം ഇറക്കിയത്‌. പേജ് 266ലാണ്‌ സ്‌ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ.

‘‘വന്ധ്യാ വൃദ്ധാ കൃശാ ബാലാ രോഗിണി പുഷ്പ വർജിതാ
കർക്കശാ സ്ഥൂല ദേഹാ ച നാര്യോഷ്ടൗ പരിവർജയേത്’’
എന്ന്‌ ചേർത്തിരിക്കുന്നു.

നല്ല സന്താനങ്ങളെ ആഗ്രഹിക്കുന്നവർ വന്ധ്യ, വൃദ്ധ, മെലിഞ്ഞവൾ, ബാലിക, രോഗമുള്ളവൾ, ഋതുകാലം കഴിഞ്ഞ സ്ത്രീ, കർക്കശ സ്വഭാവമുളള സ്ത്രീ, തടിച്ചവൾ എന്നിവരെ ഉപേക്ഷിക്കണം എന്ന സാരാംശവും നൽകിയിട്ടുണ്ട്‌.

പേജ് 267ലാണ്‌  ‘‘മദ്യം, പച്ചയിറച്ചി, മണ്ണ്, ശവം, കത്തുന്ന തീ, അക്ഷതം, നെയ്യും ചന്ദനവും വെളുത്ത കുസുമം, വിപ്രദ്വയം (രണ്ട് ബ്രാഹ്മണർ) കാദളം, വേശ്യാസ്ത്രീ, തയിർ, തേൻ, കരിമ്പു, ഗജവും, തണ്ട്, അശ്വരഥം, ഐന്തോളവും രാജാവും, കയറിട്ട കാള, പശുവും യാത്രാ മുഖേ ശോഭനം’’ എന്ന്‌ പറയുന്നത്‌. വിധവ അപശകുനമാണെന്നും ഇതോടൊപ്പമുണ്ട്‌. മനോരമ പഞ്ചാംഗം സ്ത്രീ മുന്നേറ്റങ്ങളെയടക്കം അധിക്ഷേപിക്കുകയാണെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top