കൽപ്പറ്റ
ഷൊർണൂരിൽ പിടിയിലായ മാവോയിസ്‌റ്റ് കമാൻഡർ പി കെ സോമൻ വയനാട്ടിലെ ആക്രമണങ്ങളിലെ പ്രധാനി. കൽപ്പറ്റ സ്വദേശിയായ സോമൻ മാവോയിസ്‌റ്റ് പ്രവർത്തകനായിട്ട് 12 വർഷത്തോളമായി. സിപിഐ മാവോയിസ്‌റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി അംഗവും നാടുകാണി, കബനി ദളങ്ങളുടെ കമാൻഡറുമാണ്. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം നേടിയിട്ടുണ്ട്. വയനാട്ടിലെ പല മാവോയിസ്‌റ്റ് ആക്രമണങ്ങളും ആസൂത്രണംചെയ്‌തത് സോമന്റെ നേതൃത്വത്തിലാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. യുഎപിഎ ഉൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതി
യാണ്.
തണ്ടർബോൾട്ട് സേനാംഗങ്ങളെ അപായപ്പെടുത്താനായി കഴിഞ്ഞമാസം തലപ്പുഴ മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ചത് സോമനുൾപ്പെടുന്ന സംഘമാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ സെപ്‌തംബറിൽ തലപ്പുഴ കമ്പമലയിൽ കേരള ഫോറസ്‌റ്റ് ഡെവലപ്‌മെന്റ് കോർപറേഷന്റെ ഓഫീസ് ആക്രമിച്ചത് സോമന്റെ നേതൃത്വത്തിലാണ്. എസ്‌റ്റേറ്റ് പാടിയിൽ പൊലീസ് സ്ഥാപിച്ചിരുന്ന കാമറയും പിന്നീടെത്തി തകർത്തു. ഏപ്രിൽ 24ന് തോക്കേന്തി സോമൻ ഉൾപ്പെടെ നാലുപേർ കമ്പമല എസ്‌റ്റേറ്റിൽ എത്തി പാർലമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു. സി പി മൊയ്‌തീൻ, മനോജ്, സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. തൊഴിലാളികളുമായി വാക്ക്‌തർക്കമായതോടെ സംഘം വേഗത്തിൽ മടങ്ങി. എന്നാൽ തൊഴിലാളികൾ പകർത്തിയ വീഡിയോ ദൃശ്യം പുറത്തായി. ഇതിൽ സോമനുൾപ്പെടെ തോക്കുമായി എത്തിയ മാവോയിസ്‌റ്റുകളുടെ ദൃശ്യം വ്യക്തമായിരുന്നു. മനോജിനെ കഴിഞ്ഞ 18ന് എറണാകുളത്തുനിന്ന് തീവ്രവാദ വിരുദ്ധ സേന പിടികൂടി. ഇതിന്റെ തുടർച്ചയായാണ് സോമന്റെ അറസ്റ്റ്.
2023 നവംബറിൽ പേര്യ ചപ്പാരത്ത് തണ്ടർബോൾട്ട് സേനയുമായി മാവോയിസ്‌റ്റുകൾ ഏറ്റുമുട്ടിയിരുന്നു. നേതാക്കളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ പൊലീസ് പിടികൂടി. ഈ ആക്‌ഷനിലും സോമൻ പങ്കെടുത്തതായാണ് പൊലീസിന്റെ വിലയിരുത്തൽ.
പിടിയിലായത് തമിഴ്‌നാട്ടിൽനിന്ന് വരുമ്പോൾ
മാവോയിസ്‌റ്റ് സോമൻ പിടിയിലായത് തമിഴ്‌നാട്ടിൽനിന്ന് കർണാടകത്തിലേക്കുള്ള യാത്രക്കിടയിൽ. ശനി രാത്രി ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽനിന്നാണ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്‌റ്റ് ചെയ്തത്. കൊച്ചുവേളിയിൽനിന്ന് മൈസൂരുവിലേക്ക് പോകാനാണ് ട്രെയിനിൽ കയറിയത്. കൊല്ലത്തേക്കുള്ള ടിക്കറ്റും കൈയിലുണ്ടായിരുന്നു.
പെൻഡ്രൈവുകളും ലാപ്‌ടോപ്പും കൈവശമുണ്ടായിരുന്നത് എടിഎസ് പിടിച്ചെടുത്തു. തമിഴ്‌നാട് ഈറോഡിലെ സിസിടിവിയിൽനിന്ന് സോമന്റെ ദൃശ്യം കഴിഞ്ഞയാഴ്ച പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ ഈ മേഖല കേന്ദ്രീകരിച്ച് എടിഎസും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും അന്വേഷണം ശക്തമാക്കിയിരുന്നു.
ആഴ്‌ചകൾമുമ്പാണ് സോമൻ ഉൾപ്പെടുന്ന മാവോയിസ്‌റ്റ് സംഘം വയനാടൻ കാടിറങ്ങിയത്. സംഘാംഗം മനോജിനെ 18ന് എറണാകുളത്തുനിന്ന് പിടികൂടിയിരുന്നു. തലപ്പുഴ മക്കിമലയിൽ മാവോയിസ്‌റ്റുകൾ സ്ഥാപിച്ച കുഴിബോംബ് ജൂൺ 25ന് കണ്ടെത്തിയിരുന്നു. തുടർന്ന് തണ്ടർബോൾട്ട് സേന വയനാടൻ കാടുകൾ അരിച്ചുപെറുക്കാൻ തുടങ്ങിയതോടെയാണ് ഇവർ ചുരമിറങ്ങിയത്. സോമനൊപ്പം ഉണ്ടായിരുന്നയാൾ സി പി മൊയ്‌തീനാണെന്നാണ് പൊലീസിന്റെ സംശയം.
രക്തച്ചൊരിച്ചിലില്ലാതെ അടുത്തിടെ അറസ്‌റ്റിലായ നാലാമത്തെ മാവോയിസ്‌റ്റ് നേതാവാണ് സോമൻ. കഴിഞ്ഞ നവംബറിൽ പേര്യ ചപ്പാരത്ത് ഏറ്റുമുട്ടലിലൂടെ ചന്ദ്രു, ഉണ്ണിമായ എന്നിവരെ കീഴടക്കിയിരുന്നു. കഴിഞ്ഞമാസം മനോജിനെയും.
പുസ്‌തക വിൽപ്പനയിൽനിന്ന്
മാവോയിസ്‌റ്റിലേക്ക്
പുസ്‌തക വിൽപ്പനയിൽനിന്ന് മാവോയിസ്‌റ്റ് സംഘത്തിലേക്ക് എത്തിയ ചരിത്രമാണ് ഷൊർണൂരിൽ തീവ്രവാദവിരുദ്ധ സേന അറസ്‌റ്റ് ചെയ്‌ത മാവോയിസ്‌റ്റ് കമാൻഡർ സോമന്റേത്. കൽപ്പറ്റ ചുരളി സ്വദേശിയായ സോമന് വയനാട്–-കോഴിക്കോട് റൂട്ടിൽ പുസ്‌തക വിൽപ്പനയായിരുന്നു ആദ്യകാലത്തെ ജോലി. പിന്നീട് സ്വന്തമായി പത്രമിറക്കി. ‘സൺഡേ മിറർ’ എന്നപേരിൽ ഞായറാഴ്‌ചകളിലായിരുന്നു പ്രസിദ്ധീകരണം.
പിന്നീട് ബ്ലേഡ് വിരുദ്ധ സമിതി പ്രവർത്തകനായി. പല സമരങ്ങളിലും പങ്കെടുത്തു. കേസുകളിൽ ജയിലിലുമായി. നിലപാടുകൾ തീവ്രമായതോടെ മാവോയിസ്‌റ്റ് സംഘത്തിൽ ചേർന്നു. ഇതോടെ വീടുമായുള്ള ബന്ധം വിട്ടു. വീട്ടിൽനിന്ന് പോയിട്ട് 12 വർഷത്തോളമായി. നിലവിൽ സിപിഐ മാവോയിസ്‌റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി അംഗവും നാടുകാണി, കബനി ദളങ്ങളുടെ കമാൻഡറുമാണ്. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം നേടിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി പല മാവോയിസ്‌റ്റ് അക്രമണങ്ങളിലും നേതൃത്വം നൽകി. യുഎപിഎ ഉൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയാണ്. പൊലീസിന്റെ ‘വാണ്ടഡ്’ ലിസ്‌റ്റിലും ഉൾപ്പെട്ടു. വിവരം നൽകുന്നവർക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്, കർണാടകം, ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മാവോയിസ്‌റ്റ് പ്രവർത്തനം നടത്തിയതായാണ് പൊലീസ് കണ്ടെത്തൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..