23 December Monday

മറിൻ അസുർ വിഴിഞ്ഞത്ത്‌ ; ചരക്കുനീക്കം ഇന്ന്‌ തുടങ്ങും

സ്വന്തം ലേഖകൻUpdated: Tuesday Jul 16, 2024


തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിൽനിന്നും കണ്ടെയ്‌നറുകൾ കൊണ്ടുപോകാനുള്ള  ആദ്യ ഫീഡർ വെസൽ എത്തി.  250 മീറ്റർ നീളവും 38 മീറ്റർ വീതിയുമുള്ള പനാമ കപ്പൽ മറിൻ അസുർ ആണ്‌ തിങ്കൾ രാവിലെ എത്തിയത്‌. വ്യാഴാഴ്‌ച വിഴിഞ്ഞത്ത്‌ എത്തിയ  ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോയിൽനിന്ന്‌ ഇറക്കിയ കണ്ടെയ്‌നറുകൾ മറ്റു തുറമുഖങ്ങളിലേക്ക്‌ കൊണ്ടുപോകുന്നതിനാണിത്‌. നവി മുംബൈയിലെ ജെഎൻപിടി തുറമുഖം, അദാനി ഗ്രൂപ്പിന്റെ  ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖം എന്നിവിടങ്ങളിലേക്കുള്ള കണ്ടെയ്‌നറുകൾ കൊണ്ടുപോകും. ചൊവ്വ വൈകിട്ടോടെ യാത്ര തിരിച്ചേക്കും. പിന്നാലെ ചരക്കുനീക്കത്തിനായി കൂടുതൽ ഫീഡർ വെസലുകൾ വിഴിഞ്ഞത്ത്‌ എത്തും.

കൊളംബോയിൽനിന്ന്‌ 48 മണിക്കൂറെടുത്താണ്‌ മറിൻ അസുർ വിഴിഞ്ഞത്ത്‌ എത്തിയത്‌. ഞായർ രാവിലെ 7.44 ഓടെ  വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടറിൽ നങ്കൂരമിട്ട കപ്പൽ പകൽ 1.12 ഓടെയാണ്‌ തീരത്ത്‌ അടുത്തത്‌.  സാൻ ഫെർണാണ്ടോ മടങ്ങിയശേഷം ടഗ്ഗുകളുടെ സഹായത്തോടെയാണ്‌ ബെർത്തിൽ എത്തിച്ചത്‌. മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനിയുടെ (എംഎസ്‌സി) ചരക്കുകപ്പൽ അടുത്തുതന്നെ വിഴിഞ്ഞത്ത്‌ എത്തുമെന്ന്‌ അദാനി ഗ്രൂപ്പ്‌ അറിയിച്ചു. തുറമുഖത്ത്‌ കപ്പൽ അടുപ്പിക്കുന്നതിനും കണ്ടെയ്‌നറുകളുടെ കൈകാര്യത്തിനുമുള്ള നിരക്ക്‌ രണ്ടാഴ്‌ചക്കകം പ്രഖ്യാപിക്കുമെന്ന്‌ അധികൃതർ പറഞ്ഞു.

സാൻ ഫെർണാണ്ടോ മടങ്ങി
വിഴിഞ്ഞത്ത്‌ എത്തി ചരിത്രംകുറിച്ച ആദ്യ  മദർഷിപ്പായ സാൻ ഫെർണാണ്ടോ മടങ്ങി. തിങ്കൾ പകൽ 12.50 ഓടെയാണ്‌ കപ്പൽ കൊളംബോയിലേക്ക്‌ മടങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top