വികസനത്തിനൊപ്പം സുസ്ഥിരതയും ചേർത്തുപിടിച്ച കോർപറേഷൻമാതൃക ലോകം അറിയുന്നതിൽ വളരെയേറെ സന്തോഷമുണ്ട്. സീറോ കാർബൺ ട്രിവാൻഡ്രം എന്ന ആശയമാണ് യുഎൻ ഹാബിറ്റാറ്റ് പുരസ്കാരം നേടിത്തന്നത്. പ്രതിവർഷം 2.5 കോടി യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാൻ കഴിയുന്ന 17000 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ 515 സർക്കാർ സ്ഥാപനങ്ങളിയായി സ്ഥാപിച്ചു. 115 ഇലക്ട്രിക് ബസ്, 2000 സോളാർ തെരുവ് വിളക്കുകൾ തുടങ്ങിയവ നാടിനു സമർപ്പിച്ചു. മുഴുവൻ തെരുവ് വിളക്കുകളും എൽഇഡിയിലേക്ക് മാറുകയാണ്. നമ്മുടെ ഭാവി തലമുറയ്‌ക്കായുള്ള സുസ്ഥിര വികസന മാതൃകകളാണ് നടപ്പാക്കുന്നത്. നടപ്പാക്കിയ പദ്ധതികൾക്ക് അംഗീകാരങ്ങൾ ലഭിക്കുന്നു എന്നുള്ളത് കൂടുതൽ സന്തോഷവും അഭിമാനവുമാണ്- മേയർ ആര്യ രാജേന്ദ്രൻ ദേശാഭിമാനി റിപ്പോർട്ടർ ആൻസ് ട്രീസ ജോസഫുമായി സംസാരിക്കുന്നു.
മേയറായി ചുമതലയേറ്റിട്ട് നാല് വർഷം പിന്നിട്ടു,
ഈ വർഷങ്ങളിലെ പ്രവർത്തനങ്ങൾ
എൽഡിഎഫ് ഭരണസമിതികൾ കൃത്യമായ അടിത്തറ തന്നെയാണ് തിരുവനന്തപുരം നഗരത്തിന് പാകിയിട്ടുള്ളത്. അവർ ആരംഭിച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഈ ഭരണസമിതിക്കായി. സ്മാർട്ട്സിറ്റി പദ്ധതി, അറവുശാല, കഴക്കൂട്ടം ശ്മശാനം, വികേന്ദ്രീകൃത മാലിന്യ സംസ്കരണ മാതൃകകൾ എന്നിങ്ങിനെ ധാരാളം പദ്ധതികൾ പൂർത്തീകരിച്ചു. പല സാങ്കേതിക തടസ്സങ്ങൾ കാരണം വൈകിപ്പോയവ കൂട്ടായ പരിശ്രമത്തിലൂടെ പൂർത്തീകരണ ഘട്ടത്തിലാണ്.
എന്തുകൊണ്ടാകാം വികസനങ്ങൾ
ചർച്ചയാകാത്തത്
വികസന പ്രവർത്തനങ്ങളുടെ അംഗീകാരമായി സ്വരാജ് ട്രോഫി, ആർദ്രം ട്രോഫി, വയോജന പുരസ്കാരം തുടങ്ങി ധാരാളം സംസ്ഥാന അംഗീകാരങ്ങൾ ലഭിച്ചു. പി എം സ്വാനിധി പുരസ്കാരം, ഹഡ്കോ പുരസ്‌കാരം, സ്കോച്ച് അവാർഡ് തുടങ്ങി ധാരാളം ദേശീയ അംഗീകാരങ്ങൾ. ഒടുവിൽ ഇപ്പോൾ സുസ്ഥിര വികസനത്തിന് യുഎൻ ഹാബിറ്റാറ്റ് അവാർഡ് വരെ നമ്മുടെ നഗരത്തിന് ലഭിച്ചു. രാജ്യത്ത് 100 സ്മാർട്ട് സിറ്റികളിൽനിന്ന് 18 നഗരങ്ങൾ മാത്രം സിറ്റിസ് 2.0ന് അർഹമായപ്പോൾ, കേരളത്തിൽനിന്ന് ഉൾപ്പെട്ട ഏക നഗരമാണ് തിരുവനന്തപുരം. ഇതൊക്കെ നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ്. എന്നാൽ, ഓരോ തിരുവനന്തപുരത്തുകാരനും അഭിമാനിക്കേണ്ട ഈ നേട്ടങ്ങൾ ജനങ്ങളുടെ ഇടയിലേക്ക് എത്തരുതെന്ന് ആഗ്രഹിക്കുന്നവരാകാം വികസനങ്ങൾ കണ്ടില്ലെന്ന് നടിച്ച് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്. തുടങ്ങിവച്ച പദ്ധതികളുമായി മുന്നോട്ടുപോകും.
സ്മാർട്ട്റോഡുകളുടെ നിർമാണത്തിലും
കുടിവെള്ള പ്രശ്നത്തിലും ഇടപെടൽ
പണി കഴിഞ്ഞാലുടൻ റോഡ് പൊളിച്ച് കുടിവെള്ള, സെപ്റ്റേജ് കണക്ഷൻ നൽകുന്ന വിഷയങ്ങൾ പതിവായിരുന്നല്ലോ. സ്മാർട്ട് റോഡെന്ന ആശയത്തിലൂടെ ഇതെല്ലാം ഒരു പരിധിവരെ പരിഹരിക്കാം. പ്രവർത്തനങ്ങളിൽ ചെറിയ കാലതാമസം ഉണ്ടെങ്കിലും എല്ലാ റോഡുകളും ബിഎം ചെയ്ത് സഞ്ചാരയോഗ്യമാക്കി. സൗന്ദര്യവത്‌കരണം പൂർത്തിയാകുന്നതോടെ സ്മാർട്ട് റോഡുകൾ നഗരത്തിന്റെ മുഖച്ഛായ മാറ്റും. കുടിവെള്ള വിതരണം സംബന്ധിച്ച വിഷയങ്ങൾ അടിയന്തര പ്രാധാന്യത്തോടുകൂടി പൂർത്തിയാക്കുന്നതിന് ജലഅതോറിറ്റി അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്. കുടിവെള്ളം മുടങ്ങുന്ന സാഹചര്യത്തിൽ കോർപറേഷൻ സൗജന്യമായി ജലവിതരണം നടത്തുന്നുണ്ട്. 85 ശതമാനം വീടുകളിലും വാട്ടർ കണക്ഷൻ നൽകാൻ സാധിച്ച തദ്ദേശസ്ഥാപനം എന്ന കേന്ദ്രസർക്കാർ അംഗീകാരവും 10 കോടി രൂപ സമ്മാനവും നമ്മുടെ നഗരത്തിന് ലഭിച്ചു. ആറ്റുകാൽ, അമ്പലത്തറ, കാലടി വാർഡുകളിൽ ഡ്രൈനേജ് കണക്ഷൻ സ്ഥാപിക്കുന്നതിന് 157.5 കോടി രൂപയുടെ പ്രവൃത്തി ഉടൻ ആരംഭിക്കും. വലിയ വികസനത്തിനൊപ്പം ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകളോട് ജനങ്ങൾ സഹകരിക്കുമെന്ന ഉറപ്പുണ്ട്.
ഉദ്യോഗസ്ഥരെ സംബന്ധിച്ച് നിരവധി
ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ഇതിനെതിരെ
സ്വീകരിച്ച നടപടി?
വലിയൊരു ശതമാനം ജീവനക്കാരും ആത്മാർത്ഥതയോടെ അഴിമതി രഹിതമായി ജോലി ചെയ്യുന്നവരാണ്. വളരെ ചെറിയ ഒരുഭാഗം ജീവനക്കാരാണ് പ്രശ്നങ്ങൾക്ക് കളമൊരുക്കുന്നത്. കെ സ്മാർട്ട് വന്നതോടെ ഓരോ ഫയലും ഏതു ഉദ്യോഗസ്ഥരുടെ കയ്യിൽ ഇരിക്കുന്നു, എത്ര ദിവസം കാലതാമസം വരുത്തി തുടങ്ങിയ എല്ലാ വിവരങ്ങളും അപേക്ഷകന്റെ ലോഗിനിൽ ലഭ്യമാണ്. ബോധപൂർവ്വം കാലതാമസം ഉണ്ടാക്കി അഴിമതിക്ക് കളമൊരുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുന്നുണ്ട്. അത് ഇനിയും തുടരും.
നഗരത്തിൽ പ്രധാനപ്രശ്നമായിരുന്ന
വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിലെ ഇടപെടൽ
എന്തൊക്കെ
പത്ത് ലക്ഷത്തിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു നഗരമാണ് നമ്മുടേത്. ജനസാന്ദ്രത കൂടിയതിനാൽ പല താഴ്ന്ന പ്രദേശങ്ങളും ഇന്ന് ബഹുനില കെട്ടിടങ്ങളാണ്. സ്വാഭാവിക നീർച്ചാലുകൾ പലതും അടഞ്ഞു. മുഴുവൻ വെള്ളവും റോഡുകളിലേക്ക് ഒഴുകുന്നതിനുള്ള സാഹചര്യം ഉണ്ടാക്കി. കൃത്യമായ ഡ്രൈനേജ് നെറ്റ്‌വർക്ക് സംവിധാനമെന്ന നിലയിൽ ആവശ്യമുള്ള ഓടകൾ നിർമിച്ചിട്ടുണ്ട്. എന്നിരുന്നാലും തെക്കനക്കര കനാൽ, കരിയിൽ തോട് തുടങ്ങി പഴയ പല കനാലുകളും വലിയ മഴയത്ത് കരകവിയുന്നു. എൻഎച്ചിന്റെ അശാസ്ത്രീയ നിർമാണത്തെ തുടർന്ന് ചാക്ക, കുളത്തൂർ, പടിഞ്ഞാറോട്ടുള്ള നീരൊഴുക്കിലെ തടസങ്ങൾ വെല്ലുവിളിയാണ്. അത് പരിഹരിക്കണമെന്ന് എൻഎച്ച്എഐയോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ആമയിഴഞ്ചാൻ തോട് സംരക്ഷിക്കാനുള്ള
ഇടപെടൽ
എല്ലാവിധ മാലിന്യങ്ങളും സംസ്കരിക്കുന്നതിന് കൃത്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും മാലിന്യങ്ങൾ തോടുകളിലേ നിക്ഷേപിക്കുവെന്ന് പിടിവാശിയുള്ള ചെറിയപക്ഷം നമ്മൾക്കിടയിലുണ്ട്. ആമയിഴഞ്ചാൻ തോട്ടിൽനിന്ന് നീക്കം ചെയ്യുന്ന മാലിന്യങ്ങൾ പരിശോധിച്ചാൽ അത് മനസ്സിലാകും. ഇവ കൃത്യമായി തടയും. തോടിനോട് ചേർന്ന് വരുന്ന ഭാഗങ്ങളിൽ ജനകീയ സമിതിയും, പ്രത്യേക ആരോഗ്യ വിഭാഗം സ്ക്വാഡും രൂപീകരിച്ച് തോടിന്റെ സംരക്ഷണം ഉറപ്പാക്കി വരുന്നു. ആവശ്യമുള്ള ഇടങ്ങളിൽ കാമറയും ട്രാഷ്ബൂം സ്ഥാപിച്ചു. നിലവിൽ ആമയിഴഞ്ചാൻ തോട്ടിൽ തെളിനീരൊഴുകി തുടങ്ങിയിട്ടുണ്ട്.
വനിതാ മേയർ എന്ന നിലയിൽ നഗരത്തിൽ
വിഭാവനം ചെയ്യുന്ന വനിതാമുന്നേറ്റം എന്താണ് ?
വനിതാ ശാക്തീകരണം എന്നുള്ളത് പ്രാധാന്യമുള്ളൊരു വിഷയമാണ്. ഒരു വനിതയ്ക്ക് ഉണ്ടാകാവുന്ന എല്ലാതരം പ്രശ്നങ്ങളിലും അവർക്കു കൂട്ടാകാനും ആവശ്യമായ നിയമസഹായം, കൗൺസ്സിലിങ്, പൊലീസ് സേവനങ്ങൾ തുടങ്ങിയവ ഉറപ്പാക്കാനുമായി വനിതാ സെൽ രൂപീകരിക്കുന്നത് ആലോചനയിലാണ്. സ്ത്രീകൾക്കായി കഴക്കൂട്ടം, ശ്രീകണ്ഠേശ്വരം, തമ്പാനൂർ എന്നിവിടങ്ങളിൽ ലോഡ്ജുകൾ ഒരുക്കി. സ്ത്രീകൾക്ക് സ്വതന്ത്ര തീരുമാനങ്ങളെടുക്കാനുള്ള സഹായങ്ങൾ നൽകുന്നതിൽ വനിതാ മേയർ എന്നുള്ള നിലയിൽ എന്റെയും കോർപറേഷന്റെയും പൂർണ പിന്തുണയുണ്ട്.
വികസന പ്രവർത്തനങ്ങൾക്ക് തടസ്സംനിന്ന്
തകർക്കാൻ ശ്രമിക്കുന്ന ബിജെപിയും യുഡിഎഫും ചേർന്നൊരു മുന്നണി സജീവമാണ്,
ഇതിനെക്കുറിച്ച്
കൃത്യവും വ്യക്തവുമായ ആസൂത്രണത്തിലൂടെ ജനങ്ങൾക്ക് ആവശ്യമായ വികസനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന എൽഡിഎഫ് ഭരണസമിതികളോടുള്ള ജനങ്ങൾക്കുള്ള വിശ്വാസമാണ് കോർപറേഷനിലെ തുടർഭരണം. വികസന പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള പ്രവൃത്തികളാണ് ഒരുവിഭാഗം നടത്തുന്നത്. കൗൺസിലുകളിൽ ജനങ്ങൾക്ക് ഉപയോഗപ്രദമായ പദ്ധതികൾ ചർച്ച ചെയ്യാൻ മറ്റു കക്ഷികൾ തയ്യാറാകുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..