പാലക്കാട്> ജന്മനാ വളർച്ചക്കുറവുള്ള മകന്റെ മരുന്ന് മുടങ്ങില്ലെന്ന ഉറപ്പുമായാണ് സജിമോൻ കരുതലും കൈതാങ്ങും അദാലത്തിൽ നിന്നും മടങ്ങിയത്. ജന്മനാ വളർച്ചക്കുറവുള്ള മകന് ജില്ലാ ആശുപത്രിയിൽ നിന്നും ഗ്രാമപഞ്ചായത്ത് വഴിയും ലഭ്യമായിരുന്ന ഗ്രോത്ത് ഹോർമോണിനുള്ള മരുന്ന് ഇപ്പോൾ ലഭിക്കുന്നില്ലെന്ന പരാതിയുമായാണ് വാണിയംകുളം ഗ്രാമപഞ്ചായത്തിലെ മാന്നനൂർ കവളപ്പാറ വടക്കേപുരയ്ക്കൽ സജിമോൻ അദാലത്തിനെത്തിയത്. സജിമോനിൽ നിന്നും മന്ത്രി എം ബി രാജേഷ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
നേരത്തെ ഗ്രാമപഞ്ചായത്ത് പദ്ധതി വഴി മരുന്ന് ലഭ്യമായിരുന്നു. പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്റർ (ഡിഇഐസി) പദ്ധതിയിൽ രജിസ്റ്റർ ചെയ്തതോടെ ഇവിടെ നിന്നാണ് മരുന്ന് ലഭിച്ചു കൊണ്ടിരുന്നത്. എന്നാൽ മാസങ്ങളായി ഇവിടെ നിന്നും മരുന്ന് ലഭിക്കുന്നില്ല. ഡിഇഐസി വഴി മരുന്ന് ലഭിച്ച് തുടങ്ങിയതോടെ ഗ്രാമപഞ്ചായത്ത് പദ്ധതി നിർത്തുകയും ചെയ്തിരുന്നു. മാസം 8500 രൂപയോളം മരുന്നിന് ചെലവ് വരുന്നുണ്ടെന്നും കൂലിപ്പണിക്കാരനായ സജിമോൻ മന്ത്രിയെ അറിയിച്ചു. ഡിഇഐസിയിൽ നിന്നും മരുന്ന് ലഭിക്കാത്ത സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി മരുന്ന് ലഭ്യമാക്കാൻ വാണിയംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..