പെരുമ്പാവൂർ
രാസലഹരിയും കഞ്ചാവും വിൽപ്പന നടത്തിയ ഏഴ് യുവാക്കളെ പൊലീസ് പിടികൂടി. വെങ്ങോല പാറമാലി ചെരിയോലിൽ വിമൽ (22), സഹോദരൻ വിശാഖ് (21), അറയ്ക്കപ്പടി മേപ്രത്തുപടി ചിറ്റേത്തുപറമ്പിൽ വിഷ്ണു സാജു (22), പുല്ലുവഴി പുളിയാംപിള്ളി പ്ലാംകുടി ആദിത്യൻ (25) വെങ്ങോല പുള്ളിയിൽ പ്രവീൺ (25), കുട്ടമ്പുഴ മാമലക്കണ്ടം എളംബ്ലാശേരി പുതിയപെട്ടയിൽ അപ്പു (27), ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവേലി റിനാസ് (24) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും എഎസ്‍പിയുടെ പ്രത്യേക അന്വേഷകസംഘവും ചേര്‍ന്ന് പിടികൂടിയത്.
ഇവരിൽനിന്ന് 30 ഗ്രാം എംഡിഎംഎയും കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കവറുകളും കണ്ടെടുത്തു. സഹോദരങ്ങളായ വിമലിന്റെയും വിശാഖിന്റെയും വെങ്ങോലയിലെ വീട്ടിൽനിന്നാണ് ലഹരി പിടികൂടിയത്. ഇവിടെ വിഷ്ണു സാജുവും റിനാസും താമസിക്കുന്നുണ്ട്. വീട്ടിലെ മുറിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ബംഗളൂരുവിൽനിന്നാണ് ഇവർ മയക്കുമരുന്നെത്തിച്ചത്.
ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
ലഹരികൾ തൂക്കി, ചെറിയ പാക്കറ്റുകളിലാക്കി ഗ്രാമിന് പതിനായിരം രൂപയ്‌ക്കാണ് എംഡിഎംഎ വിറ്റിരുന്നത്.
എഎസ്‌പി മോഹിത് റാവത്ത്, നാർകോട്ടിക് സെൽ ഡിവൈഎസ്‍പി പി പി ഷംസ്, ഇൻസ്പെക്ടർ എ കെ സുധീർ, എസ്ഐമാരായ റിൻസ് എം തോമസ്, പി എം റാസിക്ക്, എം ഡി ആന്റോ തുടങ്ങിയവർ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..