തൃശൂർ > കലാഭവൻ മണിയുടെ പാട്ടുകൾ ആ ശബ്ദത്തിൽ വീണ്ടും കേൾക്കാം. അദ്ദേഹത്തിന്റെ കലാ–-സാംസ്‌കാരിക ജീവിത ഓർമകളിലൂടെ ഒരു യാത്ര നടത്താം. ജന്മനാടായ ചാലക്കുടിയിൽ കലാഭവൻ മണിയുടെ ഓർമകൾ നിറയുന്ന സ്‌മാരകം ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം. മൂന്നു കോടിയാണ് ആദ്യഘട്ടത്തിൽ നിർമാണത്തിന് അനുവദിച്ചിട്ടുള്ളത്. ഊരാളുങ്കലിനാണ് നിർമാണച്ചുമതല. ഫോക്‌ലോർ അക്കാദമി ചാലക്കുടിയുടെ ഹൃദയഭാഗത്താണ് സ്‌മാരകം നിർമിക്കുക. ഇതിനായി നഗരസഭയുടെ എതിർവശത്ത് സ്ഥലം ഏറ്റെടുത്തു.
കലാഭവൻ മണിയുടെ ജീവിതം അടുത്തറിയാൻ കഴിയുന്ന ഡിജിറ്റൽ മ്യൂസിയമാണ് സ്‌മാരകത്തിന്റെ പ്രത്യേകത. അതിനൊപ്പം ഡിജിറ്റൽ വായനശാലയും ഒരുക്കും. മണിയുടെ ജീവിതം വീഡിയോയിലൂടെ സന്ദർശകർക്ക് കാണാനാകും. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും കേൾക്കാനുള്ള സൗകര്യവും ഇതിലുണ്ട്. സന്ദർശകർക്കുതന്നെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് ഒരുക്കുന്നത്.
സ്‌മാരകത്തിലേക്ക് കയറി വരുന്ന സന്ദർശകരെ സ്വീകരിക്കാൻ കലാഭവൻ മണിയുടെ ജീവൻ തുടിക്കുന്ന പ്രതിമയും സ്ഥാപിക്കും. നാടൻ പാട്ടുകളെക്കുറിച്ചും നാടോടി വാദ്യങ്ങളെക്കുറിച്ചും മനസ്സിലാക്കാനുള്ള സജ്ജീകരണങ്ങളും മ്യൂസിയത്തിലുണ്ടാകും. സ്‌മാരകത്തെ ഭാവിയിൽ നാട്ടൻപാട്ട് ഗവേഷണ കേന്ദ്രമാക്കി മാറ്റും. ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക കമ്മിറ്റി രൂപീകരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ആഗസ്‌തിൽ നിർമാണോദ്‌ഘാടനം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..