23 December Monday

രക്തനക്ഷത്രമായി മേനാശേരി ; ചെങ്കൊടിയേന്തി ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024


തുറവൂർ
അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം നെഞ്ചോടുചേർത്ത്‌ പിറന്നനാടിനായി വെടിയുണ്ടകളെ വിരിമാറിൽ ഏറ്റുവാങ്ങിയ മേനാശേരിയിലെ രണധീരരുടെ സ്‌മരണകൾക്ക്‌ നാട്‌ അഭിവാദ്യമർപ്പിച്ചു. പട്ടണക്കാട് പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽനിന്ന്‌ ചെങ്കൊടിയേന്തി ചെറുപ്രകടനങ്ങളായി അണിനിരന്നെത്തിയ ആയിരങ്ങൾ മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌ പാർച്ചന നടത്തി.

കൗമാരത്തിന്റെ വസന്തകാലത്തും ധീരതയോടെ നാടിന്റെ മോചനത്തിനായി പൊരുതിയ അനശ്വര രക്തസാക്ഷി അനഘാശയൻ പൊരുതിവീണ മണ്ണിലേക്ക്‌ മുദ്രാവാക്യം വിളികളോടെ സ്‌ത്രീകളും കുട്ടികളും യുവാക്കളും ഒഴുകിയെത്തി. പ്രകടനങ്ങളിൽ രക്തസാക്ഷികുടുംബങ്ങളും ബഹുജനങ്ങളും അണിനിരന്നു. പുഷ്പാർച്ചനയ്‌ക്കും പുഷ്‌പചക്ര സമർപ്പണത്തിനും ശേഷം സംയുക്തപ്രകടനം അനഘാശയൻ നഗറിൽ (പൊന്നാംവെളി) എത്തിച്ചേർന്നു.

പൊതുസമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷനായി. ഇരുകമ്യൂണിസ്റ്റ് പാർടികളുടെയും നേതാക്കളായ ആർ നാസർ, പന്ന്യൻ രവീന്ദ്രൻ, പി പ്രസാദ്, പി കെ സാബു, എൻ പി ഷിബു തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top