22 November Friday

"തിങ്കൾ' പദ്ധതിയിൽ വിതരണം ചെയ്തത്‌ 7.5 ലക്ഷം മെന്‍സ്ട്രല്‍ കപ്പുകള്‍

സ്വന്തം ലേഖികUpdated: Sunday Nov 3, 2024



തിരുവനന്തപുരം
എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ (ഹിന്ദുസ്ഥാൻ ലാറ്റക്സ്‌ ലിമിറ്റഡ്‌) "തിങ്കൾ' പദ്ധതിയിലൂടെ ഇതുവരെ വിതരണം ചെയ്തത്‌ 7.5 ലക്ഷം മെൻസ്ട്രൽ കപ്പുകൾ.
ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനും കപ്പുകളുടെ വിതരണത്തിനുമായി എച്ച്എൽഎൽ ആവിഷ്കരിച്ച പദ്ധതിയാണ് ‘തിങ്കൾ’. ഒക്ടോബർ 31വരെയുള്ള കണക്ക് പ്രകാരം 7.5 ലക്ഷംപേർ പദ്ധതിയുടെ ഭാഗമായി. കേരളത്തിന്‌ പുറമെ ജാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലുമാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ സംസ്ഥാന സർക്കാരുകൾ, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ, എൻജിഒകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്‌.

എച്ച്എൽഎല്ലിന്റെ സാമൂഹ്യ വിദ്യാഭ്യാസ വികസന വിഭാഗമായ എച്ച്എൽഎൽ മാനേജ്മെന്റ് അക്കാദമിക്കാണ് നിർവഹണ ചുമതല. തദ്ദേശവകുപ്പിന്റെ പിന്തുണയോടെയാണ് പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത്. കേരളത്തിലെ രണ്ട് ഗ്രാമങ്ങളെ നാപ്കിൻ രഹിത പഞ്ചായത്തായി മാറ്റാൻ ‘തിങ്കൾ’ പദ്ധതിയിലൂടെ സാധിച്ചു. എറണാകുളത്തെ കുമ്പളങ്ങി പഞ്ചായത്തും  തിരുവനന്തപുരത്തെ കള്ളിക്കാട് പഞ്ചായത്തുമാണിവ.സംസ്ഥാന സർക്കാരിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയിൽ "തിങ്കൾ' ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽമാത്രം ഏകദേശം നാല് ലക്ഷം ഉപയോക്താക്കൾക്ക് കപ്പിന്റെ പ്രയോജനം ഇതിനകം ലഭിച്ചു.


എച്ച്എൽഎൽ മെൻസ്ട്രൽ കപ്പ് പുനരുപയോഗിക്കാവുന്നതും എഫ്ഡിഎ അംഗീകൃത മെഡിക്കൽ ഗ്രേഡ് സിലിക്കൺ മെറ്റീരിയൽകൊണ്ട് നിർമിച്ചതുമാണ്. കുറഞ്ഞത് അഞ്ചുവർഷംവരെ ഉപയോഗിക്കാം. ആഭ്യന്തര വിപണിയിൽ ‘വെൽവെറ്റ്' എന്ന ബ്രാൻഡിലും വിദേശ വിപണിയിൽ ‘കൂൾ കപ്പ്'എന്ന ബ്രാൻഡിലുമാണ് ഇവ എത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top