തിരുവനന്തപുരം > വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ മാനസികാരോഗ്യം ഉറപ്പാക്കാനായി മൊബൈല്‍ മെന്റല്‍ ഹെല്‍ത്ത് യൂണിറ്റ് സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ പിന്തുണയ്ക്കായി ഗ്രൂപ്പ് കൗണ്‍സിലിങും വ്യക്തിഗത കൗണ്‍സിലിങും നല്‍കുന്നുണ്ട്. മാനസികാരോഗ്യം ഉറപ്പാക്കാനായി മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏകോപിപ്പിക്കുന്നതാണ്. ദുരന്തമുഖത്ത് സേവനമനുഷ്‌ഠിക്കുന്ന ജീവനക്കാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ക്യാമ്പിലുള്ളവരുടെ മാനസിക പിന്തുണയ്ക്കായി രാത്രിയില്‍ കൂടി കൗണ്‍സിലര്‍മാരുടെ സേവനം നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിദഗ്‌ധ ചികിത്സയ്ക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ടെലി കണ്‍സള്‍ട്ടേഷന്‍ സേവനവും ലഭ്യമാക്കും. ക്യാമ്പുകളിലുള്ളവര്‍ക്കും ദുരന്ത സ്ഥലത്ത് വീടുകളില്‍ താമസിക്കുന്നവര്‍ക്കും ഈ സേവനം ലഭ്യമാക്കും. ഇതിനായി ക്യാമ്പുകളില്‍ പ്രത്യേക സൗകര്യമൊരുക്കും. കാഴ്ചയ്ക്ക് പ്രശ്‌നമുള്ളവര്‍ക്ക് പരിശോധന നടത്തി ചികിത്സ ഉറപ്പാക്കി കണ്ണടകള്‍ വിതരണം ചെയ്‌തു വരുന്നു. ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി 4 ജെപിഎച്ച്എന്‍മാരെ ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയോഗിക്കുന്നതാണ്. വയനാട്ടിലുള്ള വിരമിച്ച ജീവനക്കാരെക്കൂടി ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്നതാണ്. ആരോഗ്യ വകുപ്പിന്റെ അംഗീകാരമില്ലാതെ ആരുംതന്നെ ക്യാമ്പുകളില്‍ കയറി കൗണ്‍സിലിങ് നല്‍കരുതെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.
88 സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചു. 225 മൃതദേഹങ്ങളും 189 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുള്‍പ്പെടെ 412 പോസ്റ്റുമോര്‍ട്ടങ്ങള്‍ നടത്തി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്‌ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍, അഡീഷണല്‍ ഡയറക്‌ടര്‍മാര്‍, കെഎംഎസ്‌സിഎല്‍ ജനറല്‍ മാനേജര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..