തിരുവനന്തപുരം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തട്ടിപ്പ് സംഘത്തിനൊപ്പം കൂടിയിരിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ഫിഷറീസ് വകുപ്പിനെ സമീപിച്ച് പരാജയപ്പെട്ട ഇഎംസിസി എന്ന തട്ടിപ്പ് സംഘം വളഞ്ഞവഴിയിലൂടെ ഒരു ധാരണപത്രം തരപ്പെടുത്തുകയായിരുന്നു. ഇതിനെ ന്യായീകരിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. സംസ്ഥാന മത്സ്യനയത്തിലെ 2.9 വ്യവസ്ഥയെക്കുറിച്ചാണ് ഇപ്പോഴത്തെ ആക്ഷേപം. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയത്. അവർക്ക് ആഴക്കടലിലും അവകാശമുറപ്പിക്കാൻ വ്യവസ്ഥ സഹായിക്കുന്നു. അനാവശ്യ വിവാദങ്ങൾ ഉയർത്തി നയം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളോട് കാട്ടുന്ന ക്രൂരതയാണ്.
നയത്തിൽ വ്യക്തമായ അറിവില്ലാത്തതിനാലായിരിക്കാം അനാവശ്യ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. നയം വ്യക്തമായി മനസ്സിലാക്കുന്നതിന് യുഡിഎഫ് നേതാവുകൂടിയായ മുൻമന്ത്രി ഷിബു ബേബിജോണിനോട് ചോദിക്കുന്നത് നന്നാകും. ഈ വ്യവസ്ഥ ഒഴിവാക്കണമെന്നാണ് ഷിബുവിനും ബോട്ട് ഉടമകളുടെ അസോസിയേഷനും അഭിപ്രായമെങ്കിൽ, ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. 2.9 വ്യവസ്ഥയിൽ അവർ നിലപാട് പരസ്യമായി പറയാൻ തയ്യാറാകണം. 2016ൽ രൂപീകരിച്ച വിദഗ്‌ധ സമിതി രണ്ടുവർഷം നടത്തിയ ചർച്ചകൾക്കും പഠനങ്ങൾക്കുമൊടുവിലാണ് നയം രൂപീകരിക്കുന്നത്. എല്ലാ തൊഴിലാളി സംഘടനകളുടെയും പ്രതിനിധികളും സമിതിയിലുണ്ടായിരുന്നു.
nഅമേരിക്കയിൽ നടത്തിയ ചർച്ച എന്നു പ്രചരിപ്പിക്കാൻ ചെന്നിത്തല ഉപയോഗിക്കുന്നത് മന്ത്രിയുടെ ഓഫീസിന്റെ ചിത്രം. ഇത്തരത്തിലാണ് പ്രതിപക്ഷ നേതാവിന്റെ കുപ്രചാരണം. വഹിക്കുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തം മറന്നുള്ള ഹീന നടപടികളാണിത്. തീരത്തെ ജനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും ഇക്കാര്യങ്ങളിൽ കൃത്യമായ ബോധ്യമുണ്ട്. അവരുടെ അനുഭവത്തിൽനിന്നാണ് കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..