05 November Tuesday

വിദേശികൾ വിരുന്നെത്തുന്നു എലിയോട്ടുമലയിൽ

സ്വന്തം ലേഖകൻUpdated: Thursday Sep 26, 2024

വെൺതാലി കുരുവി, കരിന്തലയൻ കുരുവി, വടക്കൻ നെന്മണിക്കുരുവി

കോഴിക്കോട്> ദേശാടന കാലത്തിന്റെ വരവറിയിച്ച്‌ അപൂർവയിനം കുരുവികളെ കണ്ടെത്തി പക്ഷി നിരീക്ഷണസംഘം. അത്തോളിക്ക്‌ സമീപം എലിയോട്ടുമലയിൽനിന്നാണ്‌ വടക്കൻ നെന്മണിക്കുരുവി, കരിന്തലയൻ കുരുവി, വെൺതാലി കുരുവി എന്നിവയെ കണ്ടെത്തിയത്‌. 
 
ദേശാടനപ്പക്ഷികളുടെ വരവ്‌ തുടങ്ങുന്ന സമയമായതോടെയാണ്‌ പക്ഷിനിരീക്ഷകരായ ഗോകുൽ ദീപക് പുതുപ്പാടി, എൻ യദുപ്രസാദ്, മുഹമ്മദ് റാഫി, ടി ഫായിസ്, ടി എം രഞ്ജിത്, ടി കെ സനുരാജ് എന്നിവരടങ്ങിയ സംഘം എലിയോട്ടുമലയിൽ നിരീക്ഷണം ആരംഭിക്കുന്നത്‌.   22നാണ്‌ കേരളത്തിൽ തന്നെ അപൂർവമായി വിരുന്നെത്തുന്ന വടക്കൻ നെന്മണിക്കുരുവിയെ കണ്ടെത്തുന്നത്‌.  
 
അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രദേശങ്ങളാണ് ഇവയുടെ പ്രജനനകേന്ദ്രങ്ങൾ. യാത്രക്കിടയിൽ വിശ്രമത്തിനായി ഇറങ്ങുന്ന ഇവർ ഒന്നോ രണ്ടോ ദിവസം മാത്രമേ കേരളത്തിൽ ചെലവഴിക്കാറുളളൂവെന്നും നിരീക്ഷക സംഘം പറഞ്ഞു. 23നാണ്‌ കരിന്തലയൻ കുരുവിയെയും വെൺതാലി കുരുവിയെയും കണ്ടെത്തിയത്‌. 
 
സ്പെയിൻ മുതൽ തുർക്കിവരെ വ്യാപിച്ച് കിടക്കുന്നതാണ് കരിന്തലയൻ കുരുവികളുടെ പ്രജനനകേന്ദ്രം. ആഫ്രിക്കയിലേക്കുളള ദേശാടനയാത്രക്കിടെയാണ് കരിന്തലയൻമാർ നമ്മുടെ നാട്ടിലെത്താറുള്ളത്‌. 2017 മുതലാണ് കേരളത്തിൽ ഇവയെ ആദ്യമായി കണ്ടെത്തിയത്. ജില്ലയിൽ കൂടുതൽ വിരുന്നെത്തിയവരും മിക്ക ദേശാടനകാലത്തും കേരളത്തിൽ കണ്ടുവരുന്നവരുമാണ്‌ വെൺതാലി കുരുവികൾ. ഇത് രണ്ടാംതവണയാണ് ഇവയെ കണ്ടെത്തുന്നത്. ഖസാക്കിസ്ഥാൻ മുതൽ വടക്ക്- പടിഞ്ഞാറ് ഹിമാലയൻ മലനിരകൾവരെ നീണ്ടുകിടക്കുന്നതാണ്‌ പ്രജനനകേന്ദ്രം. തെക്കേ ഇന്ത്യ മുതൽ ശ്രീലങ്കവരെ നീളുന്നതാണ് ഇവയുടെ  ദേശാടന പാത.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top