കൊച്ചി
മിൽമ എറണാകുളം മേഖലാ ഡെയറിയിൽ വൻ അഴിമതിയും ക്രമക്കേടും. 2023–-24 വർഷത്തെ സഹകരണ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടും അഴിമതിയും കണ്ടെത്തിയത്. നടപടിക്രമം പാലിക്കാതെ ചാലക്കുടി ചില്ലിങ് പ്ലാന്റിലെ യന്ത്രഭാഗങ്ങൾ ഉൾപ്പെടെയുള്ളവ ആക്രിക്ക് വിറ്റതും മാനദണ്ഡം പാലിക്കാതെ നിർമിച്ച കേക്കുകൾ കേടുവന്നത് വിപണിയിൽനിന്ന് പിൻവലിച്ചതിനെ തുടർന്ന് 39 ലക്ഷം രൂപ നഷ്ടപ്പെട്ടതും ഉൾപ്പെടെ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്.
കോൺഗ്രസ് നേതാവ് എം ടി ജയന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കുകീഴിൽ പ്രവർത്തിക്കുന്ന മിൽമ എറണാകുളം മേഖലാ ഡെയറിയിലാണ് ക്രമക്കേടുകളുടെ നീണ്ടപട്ടിക. നടപടിക്രമം പാലിക്കാതെ ബേക്കറി യൂണിറ്റ് ടെൻഡർ നൽകിയതുവഴി 39.07 ലക്ഷം രൂപയുടെ കേക്കുകളാണ് വിപണിയിൽനിന്ന് പിൻവലിക്കേണ്ടിവന്നത്. ഇങ്ങനെ മിൽമയുടെ സൽപ്പേര് മോശമാക്കിയത് പരിഹരിക്കാനാകാത്ത നഷ്ടമാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള ഒരു മാനദണ്ഡവും പാലിക്കാതെയാണ് ചില്ലിങ് യൂണിറ്റിലെ ആസ്‌തിവസ്‌തുക്കളും മറ്റ് ആക്രി ഉൽപ്പന്നങ്ങളും വിറ്റത്. 2023 ഒക്‌ടോബർ 23 മഹാനവമിയുടെ പൊതു അവധിദിവസത്തിലായിരുന്നു വിൽപ്പന. പ്ലാന്റിന്റെ ഐബിടി കോയിലുകൾ, അറ്റ്‌മോസ്‌ഫിറിക് കണ്ടൻസറിന്റെ പത്ത് ജിഐ കോയിലുകൾ ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം വിറ്റതായി കണ്ടെത്തി. ചെയർമാന്റെ അടുത്തയാൾവഴിയാണ് അനധികൃത ആക്രിക്കച്ചവടം നടത്തി മിൽമയ്‌ക്ക് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയതെന്ന് പറയുന്നു.
എറണാകുളം ഡെയറിയിലെ താൽക്കാലിക ജീവനക്കാരുടെ പിഎഫ് അടച്ചതിലെ തിരിമറിയും, നെയ്യ്, ബട്ടർ, പേഡ, ഐസ്‌ക്രീം, പനീർ, മിൽമ പ്ലസ് എന്നിവയുടെ വിൽപ്പന കുത്തനെ ഇടിഞ്ഞതും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. മിൽമ പാർലറുകൾ, റിഫ്രഷ് വെജ്ജ് എന്നിവിടങ്ങളിൽ ബില്ലിങ് സംവിധാനം ഇല്ലെന്നും കണ്ടെത്തി. ഇവിടങ്ങളിൽ അടിയന്തരമായി ബില്ലിങ് ഏർപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്. വൻ ക്രമക്കേടുകളുടെയും അഴിമതിയുടെയും അടിസ്ഥാനത്തിൽ സർക്കാരിന് പ്രത്യേക റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ് ഓഡിറ്റ് വിഭാഗം അധികൃതർ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..