06 October Sunday

കടൽ കടക്കും മിൽമയുടെ കരിക്കിൻ വെള്ളം

സ്വന്തം ലേഖികUpdated: Sunday Oct 6, 2024

മിൽമയുടെ പുതിയ ഉൽപന്നങ്ങളായ കാഷ്യു വിറ്റ പൗഡർ, ടെണ്ടർ കോക്കനട്ട് വാട്ടർ എന്നിവയുടെ വിപണനോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കുന്നു.

തിരുവനന്തപുരം > കേരളീയ തനത് രുചികളെ പ്രോത്സാഹിപ്പിക്കാൻ പുത്തൻ ഉൽപന്നങ്ങളെ വിപണിയിലിറക്കി മിൽമ. കരിക്കിൻ വെള്ളം കേരളത്തിലെ മിൽമ സ്‌റ്റാളുകളിൽ മാത്രമല്ല ആഗോള വിപണിയിൽ എത്തും. 200 മില്ലി ബോട്ടിലിലുള്ള മിൽമയുടെ ടെൻഡർ കോക്കനട്ട് വാട്ടർ ഒൻപത് മാസത്തൊളം  കേടാകാതെ സൂക്ഷിക്കാം.  പോഷകമൂല്യം ചോർന്നുപോകാതെ  മനുഷ്യകരസ്‌പർശമേൽക്കാതെ ചെയ്യുന്നതിലാണ് ഇത്ര നാൾ ഇരിക്കുന്നത്. 200 മില്ലിയുടെ ഒരു കുപ്പിക്ക് 40 രൂപയാണ്.

ഹോർളിക്സിനോടും ബൂസ്റ്റിനോടും കിടപിടിക്കുന്ന തരത്തിൽ കശുവണ്ടിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മിൽമയുടെ  കാഷ്യു വിറ്റ പൗഡറും വിപണിയിലെത്തും. പാലിൽ ചേർത്ത് കുടിക്കാവുന്ന ഹെൽത്ത് ഡ്രിങ്കായിയാണിത് എത്തുന്നത്. അത്യാധുനിക പ്രോസസിങ് സാങ്കേതിക വിദ്യയുടെ മികവിൽ ആറ് മാസം വരെ പ്രിസർവേറ്റീവുകൾ ചേർക്കാതെ തന്നെ കേടുകൂടാതെ ഇരിക്കുന്ന ഈ ഉൽപന്നം ചോക്ലേറ്റ്, പിസ്ത‌ത, വാനില എന്നീ ഫ്ളേവറുകളിൽ 250 ഗ്രാം പാക്കറ്റുകളിലായാണ് ലഭിക്കുക. കാഷ്യു വിറ്റ ചോക്ലേറ്റിന്റെ ഒരു പാക്കറ്റിന് 460 രൂപയും പിസ്‌തയ്ക്ക് 325 രൂപയും വാനില ഫ്ളേവറിന് 260 രൂപയുമാണ് വില.

മാസ്കോട്ട് ഹോട്ടലിൽ ക്ഷീര വികസന വകുപ്പും മിൽമയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി ഉൽപ്പന്നങ്ങൾ പുറത്തിറക്കി.  വി കെ പ്രശാന്ത് എംഎൽഎ   അധ്യക്ഷനായി. മിൽമ ചെയർമാൻ കെ എസ് മണി, ക്ഷീരവികസന ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, കേരള കാഷ്യു ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ യൂസഫ്, മിൽമ മേഖല യൂണിയൻ ചെയർമാൻമാരായ മണി വിശ്വനാഥ്, എം ടി ജയൻ, എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top