മലപ്പുറം > അനേകം മനുഷ്യരുടെ ജീവിതോപാധികൂടിയായ പാലുൽപ്പാദന രംഗത്തെ വളർച്ചയും കുതിപ്പും തിരിച്ചറിയാനും ക്ഷീര മേഖലയെ അടുത്തറിയാനും അവസരമൊരുക്കുകയാണ് മിൽമ. മലപ്പുറം മൂർക്കനാട് ആരംഭിക്കുന്ന മിൽമ പാൽപ്പൊടി നിർമാണ ഫാക്ടറിയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് 22, 23, 24 തീയതികളിൽ നടക്കുന്ന അഗ്രി ഡെയ്റി ഫെസ്റ്റിലൂടെയാണ് മിൽമ ക്ഷീര മേഖല പരിചയപ്പെടുത്തുന്നത്. നാടൻ പശുക്കളുടെ പ്രദർശനവും സെമിനാറുകളും ഫെസ്‌റ്റിന്റെ ഭാഗമാവും. വെച്ചൂർ, കാസർകോട് കുള്ളൻ, താർപാർക്കർ, ഗിർ, കാൻക്രെജ് എന്നിവയാണ് പ്രദർശനത്തിനെത്തുന്ന പ്രധാനയിനങ്ങൾ.
മുന്നേറാൻ മിഷൻ 2.0
ലാഭകരമായ രീതിയിൽ പാലുൽപ്പാദനം നടത്തുന്നതിനും തൊഴിൽ രഹിതരായ ആളുകളെ ക്ഷീര മേഖലയിലേക്കുകൊണ്ടുവരുന്നതിനുമായി "മിഷൻ 2.0 ശിൽപ്പശാല' സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേയും പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, എല്ലാ മുനിസിപ്പാലിറ്റികളിലെയും ചെയർമാൻമാർ, വൈസ് ചെയർമാൻമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചാണ് ശിൽപ്പശാല.
മൂർക്കനാട്ടെ മിൽമ ഡെയ്റി ക്യാമ്പസിൽ 23ന് രാവിലെ 10.30ന് സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. ജിജു പി അലക്‌സ് ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അധ്യക്ഷനാകും. മിൽമ ചെയർമാൻ കെ എസ് മണി വിഷയാവതരണം നടത്തും. സംസ്ഥാന പ്ലാനിങ് ബോർഡ് അഗ്രികൾച്ചറൽ ഡിവിഷൻ ചീഫ് എസ് എസ് നാഗേഷ് മോഡറേറ്ററാകും. ജില്ലയിലെ സഹകരണ മേഖലയിൽനിന്നുള്ള പാൽ സംഭരണം രണ്ട് ലക്ഷം ലിറ്ററിലേക്കെത്തിക്കുന്നതിനുള്ള കർമപദ്ധതികൾ "മിഷൻ 2.0' ശിൽപ്പശാല ആവിഷ്‌കരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..