23 December Monday

മിനി മുത്തൂറ്റ് ജീവനക്കാരുടെ സമരം ഒത്തുതീർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 29, 2020

തിരുവനന്തപുരം > മിനി മുത്തൂറ്റ്, മുത്തൂറ്റ് മിനി നിധി ജീവനക്കാർ നടത്തിവന്ന സമരം ഒത്തുതീർപ്പായി. അഡീഷണൽ ലേബർ കമീഷണർ രഞ്ജിത് പി മനോഹറിന്റെ നേതൃത്വത്തിൽ ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ്‌ സമരം ഒത്തുതീർപ്പായത്.

ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിഷയം ഈ മാസംതന്നെ പരിഹരിക്കുമെന്നു മാനേജ്‌മെന്റ് അറിയിച്ചു. ജീവനക്കാരുടെ സ്ഥലംമാറ്റ വിഷയത്തിലും ഒത്തുതീർപ്പിനു മാനേജ്‌മെന്റ്‌ തയ്യാറായി. സമരവുമായി ബന്ധപ്പെട്ടു ജീവനക്കാരെടുത്ത അവധികൾ ലീവായി പരിഗണിക്കും. കമ്പനിയുടെ മാന്വൽ അനുസരിച്ചുള്ള ലീവ്‌ അനുവദിക്കും. മെഡിക്കൽ ലീവ് സംബന്ധിച്ച വിഷയങ്ങളിലും പരിഹാരമുണ്ടാകുമെന്ന്‌ മാനേജ്‌മെന്റ് ചർച്ചയിൽ സമ്മതിച്ചു. ഒത്തുതീർപ്പു വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റും ജീവനക്കാരും തമ്മിൽ നിലനിന്ന തൊഴിൽ പ്രശ്‌നങ്ങൾ അവസാനിപ്പിച്ചുള്ള കരാറിൽ ഇരു കക്ഷികളും ഒപ്പുവച്ചു.

കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന ഒത്തുതീർപ്പു ചർച്ചയിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ മാനേജ്‌മെന്റ്‌ തയ്യാറാകാത്തതിനെ തുടർന്ന്‌ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പരിഗണിക്കാത്ത സാഹചര്യത്തിലാണ്‌ 21 മുതൽ ജീവനക്കാർ പണിമുടക്കിയത്‌.  നോൺ ബാങ്കിങ്‌ ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു പണിമുടക്ക്‌.

തിരുവനന്തപുരത്ത്‌ നടന്ന യോഗത്തിൽ മാനേജ്‌മെന്റിനു വേണ്ടി ചെയർമാൻ റോയ് എം മാത്യു, എബ്രഹാം വർഗീസ്, അസോസിയേഷൻ പ്രതിനിധികളായ സി സി  രതീഷ്,   കെ എസ് ഉദയകുമാർ എന്നിവർ പങ്കെടുത്തു. സമരം ഒത്തുതീർക്കാൻ തയ്യാറായ മാനേജ്‌മെന്റിനും വിഷയത്തിൽ ഇടപെട്ട തൊഴിൽ വകുപ്പിനും ലേബർ കമീഷണർക്കും അസോസിയേഷൻ നന്ദി അറിയിച്ചു. സമരത്തിൽ അടിയുറച്ചുനിന്ന ജീവനക്കാരെ അഭിവാദ്യം ചെയ്യുന്നതായും മുത്തൂറ്റ്‌ ഫിനാൻസ്‌ ജീവനക്കാർ നടത്തുന്ന പണിമുടക്ക്‌ തുടരുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top