തിരുവനന്തപുരം > മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പട്ടികയുമായി ബന്ധപ്പെട്ടുയർന്നിട്ടുള്ള പരാതികൾ സംബന്ധിച്ച് കൃത്യമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പാകപ്പിഴകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത ബാധിതരായ ആരും ഒഴിവാക്കപ്പെടില്ലെന്നും അനധികൃതമായി ഒരാളും പട്ടികയിൽ കന്നുകൂടില്ലെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗൗരവമായി കാണുന്നു. പട്ടികയിലെ പേരുകളിലുണ്ടായ ഇരട്ടിപ്പും തെറ്റായ വിവരങ്ങളും ജാഗ്രതക്കുറവു കൊണ്ട് ഉണ്ടായതാണെങ്കിൽ കർശനമായ നടപടി ഉണ്ടാകും. ദുരന്തബാധിതരുടെ പുനരധിവാസത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് എൽഡിഎഫ് സർക്കാരിന്. ജനുവരിയിൽ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പൂർത്തിയാക്കും. സബ് കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നേരിട്ട് പോയി പരിശോധിച്ച ശേഷമാകും അന്തിമ പട്ടിക തയ്യാറാക്കുക.
നെടുമ്പാറ, എൽസ്റ്റോൺ എസ്റ്റേറ്റുകളാണ് പുനരധിവാസത്തിനായി സർക്കാരിന്റെ പരിഗണനയിലുള്ളത്. ഭൂമി ദുരന്തനിവാരണ നിയമ പ്രകാരം ഏറ്റെടുക്കാനാണ് ധാരണ. അഡ്വാൻസായി ഭൂമി ഏറ്റെടുക്കലിനെതിരെ എസ്റ്റേറ്റ് ഉടമകൾ കോടതിയിൽ പോയിരുന്നു. ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ പണം ലഭിക്കുമോയെന്ന ആശങ്കകൊണ്ടാകാം എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിച്ചത്. ഭൂമിയ്ക്ക് നഷ്ട പരിഹാരം നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. കോടതിവിധി വന്നാൽ മണിക്കൂറുകൾക്കുള്ളിൽ നിർമാണത്തിനുള്ള തുടർപ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്നുചേരുന്നുണ്ട്. വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായാണ് യോഗം. പുനരധിവാസത്തിന്റെ നടപടിക്രമങ്ങളും നടത്തിപ്പും നിലവിൽ ഉയരുന്ന പരാതികളുമടക്കം ചർച്ച ചെയ്യും. പുനരധിവാസ പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ്. വീടുകൾ നിർമിക്കാൻ സന്നദ്ധത അറിയിച്ചവരുമായി അടുത്ത ദിവസങ്ങളിൽ തന്നെ ചീഫ് സെക്രട്ടറി ചർച്ച നടത്തും. പുനരധിവാസത്തിനു സഹായം വാഗ്ദാനം ചെയ്ത കർണാടക, തെലങ്കാന സർക്കാരുകളുമായടക്കം മുഖ്യമന്ത്രി നേരിട്ട് കൂടിക്കാഴ്ച നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..